ചാരുംമൂട്: രൂപമാറ്റം വരുത്തിയ കാറില്‍ അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ റോഡില്‍ നിന്നയാള്‍ക്ക് ഗുരുതര പൊള്ളലേറ്റു. കാര്‍ ഡ്രൈവര്‍ കൊട്ടാരക്കര എസ്എന്‍പുരം പവിത്രേശ്വരം വലിയവിള വീട്ടില്‍ ശബരീനാഥിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു. കുന്നത്തൂര്‍ പോരുവഴി സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള കാറും നൂറനാട് പൊലീസ് പിടികൂടി.

ആനയടി പൂരവുമായി ബന്ധപ്പെട്ട് ക്ലബ്ബുകളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ താമരക്കുളം നെടിയാണിക്കല്‍ ക്ഷേത്രത്തില്‍ ആനകള്‍ക്ക് നല്‍കിയ വരവേല്‍പ് കാണാന്‍ കാത്തുനിന്ന ആള്‍ക്കാര്‍ക്കിടയിലാണ് അപകടകരമായ രീതിയില്‍ കാര്‍ ഓടിച്ചത്. അതിനിടെ രൂപമാറ്റം വരുത്തിയ പുകക്കുഴലില്‍ നിന്ന് തീയും പുകയും പുറത്തുവന്നു. റോഡരികില്‍ നിന്നയാള്‍ക്ക് പൊള്ളലേറ്റു.

താമരക്കുളം സ്വദേശിയായ വള്ളികുന്നം കടുവിനാല്‍ മുറിയില്‍ കണ്ണങ്കര വീട്ടില്‍ 53കാരനായ അനില്‍കുമാറിന്റെ കാലിന് ഗുരുതരമായ പൊള്ളലേറ്റത്. ഇയാള്‍ ചികിത്സയിലാണ്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ ശ്രീജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രാജേഷ്, സീനിയര്‍ പൊലീസ് ഓഫിസര്‍മാരായ മനു, ശരത് ചന്ദ്രന്‍, ജിംഷാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.