കൊല്ലം: വീട്ടിലേക്ക് കയറ്റിയ കാര്‍ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട്, പിന്നാലെ വന്ന ബൈക്കിലിടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു. കുളത്തൂപ്പുഴ സാംനഗര്‍ സ്വദേശി രാജഗോപാല്‍ (48) ആണ് മരിച്ചത്. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു. മലയോര ഹൈവേയില്‍ അഞ്ചല്‍ കുളത്തൂപ്പുഴ കൈതക്കാട് മില്‍പ്പാലത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് തെന്മല ഡിവിഷന്‍ അംഗം അനില്‍ ടോം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. അനില്‍ ടോം കാര്‍ വീട്ടിലേക്ക് കയറ്റവേ നിയന്ത്രണം വിട്ടു പിന്നോട്ട് ഉരുളുകയും മലയോര ഹൈവേയിലൂടെ പോവുകയായിരുന്ന രാജഗോപാലിന്റെ ബൈക്കില്‍ കാര്‍ ഇടിക്കുകയും ആയിരുന്നു. രാജഗോപാലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുളത്തൂപ്പുഴ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.