- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്ത കാറില്‍ എംഡിഎംഎ; കാറുമായി കടന്നു കളയാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍
പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്ത കാറില്‍ എംഡിഎംഎ; പ്രതി അറസ്റ്റില്‍

കോഴിക്കോട്: പൊതുസ്ഥലത്ത് കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി. കസബ സ്റ്റേഷന്‍ പരിധിയിലെ ലുലു മാളിന് സമീപമുളള സുസുകി സ്‌കൂട്ടര്‍ സര്‍വീസ് സെന്ററിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് ലഹരി പിടികൂടിയത്. സംഭവത്തില്‍ നല്ലളം സ്വദേശി കിളിച്ചേരിപറമ്പില്‍ ടി കെ ഹൗസില്‍ സാജിദ് ജമാല്‍ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാറുമായി കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലിസ് സാജിദിനെ പിടികൂടിയത്. പരിശോധനില്‍ കാറില്‍ സൂക്ഷിച്ച ലഹരി മരുന്ന് കണ്ടെത്തുക ആയിരുന്നു.
സാജിദ് കെട്ടിടത്തിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത് പോകുക ആയിരുന്നു. കാര്‍ കിടക്കുന്നതിനാല്‍ സ്ഥാപനം തുറക്കാനാകുന്നില്ലെന്ന് ജീവനക്കാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസെത്തി കാറിന്റെ ഉടമയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉടമസ്ഥര്‍ വന്നാല്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടണമെന്ന് സുസുകിയിലെ ജീവനക്കാരോട് നിര്‍ദേശിച്ച് പൊലീസ് പോയി. ഉച്ചയോടെ കാര്‍ എടുക്കാന്‍ വന്നയാളോട് സ്ഥാപനത്തിലെ ജീവനക്കാര്‍ സ്റ്റേഷനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ അതിന് തയ്യാറാകാതെ കാറെടുത്ത് മാങ്കാവ് ഭാഗത്തേക്ക് പോയി.
ഉടന്‍ തന്നെ സ്ഥാപനത്തിലെ ജീവനക്കാര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചു. ഇതോടെ കണ്‍ട്രോള്‍ റൂം പൊലീസ് വാഹനം പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതിയുടെ ബാഗില്‍ നിന്ന് 38.920 ഗ്രാം എംഡിഎംഎ, 1,39,000 രൂപ, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെത്തുകയായിരുന്നു. പ്രതിയുടെ പേരില്‍ നിലവില്‍ മെഡിക്കല്‍ കോളേജ്, പന്തീരാങ്കാവ്, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകള്‍ നിലവിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.


