പത്തനംതിട്ട: ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് പത്തനംതിട്ട വകയാര്‍ കൊല്ലംപടിയില്‍ ഭര്‍ത്താവ് വീടിന് തീയിട്ടു. വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടന്ന സമയത്ത് പുലര്‍ച്ചെ ഒന്നരയോടെ ഭര്‍ത്താവ് വീടിന് തീയിടുകയായിരുന്നു. പൊള്ളലേറ്റ രജനിയും ഇളയ മകനും താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് നിലവില്‍. രജനിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. തീകൊളുത്തിയശേഷം രക്ഷപ്പെട്ട സിജുവിനെ പൊലീസ് പിടികൂടി.

രജനിയുടേയും സിജുവിന്റെയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം ഇരുവരും ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. പിന്നാലെ ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ വീടിന് തീ പിടിച്ചിരുന്നു. നോക്കിയപ്പോള്‍ സിജുവിനെ കാണാനില്ലായിരുന്നു. ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്നാണ് ഇയാള്‍ വീടിന് തീകൊളുത്തിയതെന്ന് പൊലീസ് പറയുന്നു. പെയിന്റിങ് തൊഴിലാളിയാണ് അറസ്റ്റിലായ സിജോ. ഇയാളുടെ കയ്യിലുള്ള ടിന്നറോ പെട്രോളോ ഉപയോഗിച്ച് തീകൊളുത്തി എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ വീടിന്റെ ഒരുഭാഗം മുഴുവന്‍ കത്തിയിട്ടുണ്ട്.