തിരുവല്ല : തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ തിരുവല്ല മേഖലയിലെ യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് പരിഹാരമായി, ട്രെയിന്‍ നമ്പര്‍ 16344 രാമേശ്വരംതിരുവനന്തപുരം അമൃത എക്‌സ്പ്രസിന് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് നടത്തിയ ശക്തമായ ഇടപെടലിന്റെ ഫലമായാണ് ഈ നിര്‍ണായക തീരുമാനം ഉണ്ടായത്.

പൊതുജന സൗകര്യം മുന്‍നിര്‍ത്തി തിരുവല്ലയില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അനൂപ് ആന്റണി ജോസഫ് ജനുവരി 15-ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് വിശദമായ കത്ത് നല്‍കിയിരുന്നു. തിരുവല്ലയിലെയും സമീപ പ്രദേശങ്ങളിലെയും ആയിരക്കണക്കിന് യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ കത്തില്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം അടിയന്തരമായി അനുകൂല തീരുമാനം കൈക്കൊണ്ടത്.

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അനൂപ് ആന്റണിക്ക് അയച്ച കത്തിലാണ് ട്രെയിന് സ്റ്റോപ്പ് അനുവദിച്ച കാര്യം വ്യക്തമാക്കിയത്.

വരും ദിവസങ്ങളില്‍ തന്നെ രാമേശ്വരംതിരുവനന്തപുരം അമൃത എക്‌സ്പ്രസ് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിത്തുടങ്ങും. വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട മറ്റ് ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കുന്ന കാര്യവും റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അനൂപ് ആന്റണി പറഞ്ഞു.