കോഴിക്കോട്: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ ഷോക്കേറ്റു പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. കാക്കൂര്‍ പാവണ്ടൂര്‍ മഞ്ചപ്പാറക്കല്‍ അഭിജിത്ത് (17) ആണു മരിച്ചത്. വീടിനു സമീപത്തായുള്ള ഭാഗത്തു പ്രഷര്‍ വാഷര്‍ മെഷീന്‍ ഉപയോഗിച്ച് കഴുകുന്നതിനിടെ ബുധനാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണു സംഭവം.

ഷോക്കേറ്റ അഭിജിത്ത് ബോധരഹിതനായി വീണ് കിടക്കുന്നതു സമീപവാസി കാണുകയായിരുന്നു. അപ്പോള്‍ ആ ഭാഗത്തെല്ലാം വെള്ളം നിറഞ്ഞ സ്ഥിതി ആയിരുന്നു. വൈദ്യുതി ബന്ധം മാറ്റിയ ഉടനെ അഭിജിത്തിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് മരിച്ച അഭിജിത്ത്. മഞ്ചപ്പാറക്കല്‍ ചാത്തുവിന്റെയും ഷിജിയുടെയും മകനാണ്. സഹോദരന്‍: അഭിഷേക്.