നിലമ്പൂര്‍: ശിശുരോഗ വിദഗ്ദനെ കാണാനെത്തിയ കുട്ടിയുടെ മാല മോഷ്ടിച്ചു വിഴുങ്ങിയ പ്രതി പോലിസിന് തലവേദനയാകുന്നു. വയറ്റില്‍ കുടുങ്ങിയ മാല പുറത്തെടുക്കാന്‍ എനിമ നല്‍കി കാവലിരിക്കുകയാണ് പോലിസ്. എന്നാല്‍ മൂന്ന് ദിവസം പിന്നിട്ടിട്ടും മാല പുറത്ത് വന്നിട്ടില്ല. നിലമ്പൂര്‍ മുക്കട്ടയില്‍ താമസിക്കുന്ന പാലേമാട് കല്ലന്‍ കുന്നന്‍ സമീനയെ (35) യാണ് എസ്‌ഐ. പി.ടി. സഫറുള്ള അറസ്റ്റു ചെയ്തത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സമീനയുള്ളത്. വ്യാഴാഴ്ച രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കാണ് കൊണ്ടുപോയതെങ്കിലും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ എനിമ നല്‍കിയിട്ടും മാല പുറത്ത് വരാതായതോടെ പോലിസിന് തലവേദനായിയിരിക്കുകയാണ് സമീന.

നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡില്‍ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കില്‍ 10-ന് രാത്രി 10-നാണ് സംഭവം. പുളിക്കലോടി സ്വദേശികള്‍ കുട്ടിയെ കാണിക്കാന്‍ ഊഴം കാത്തിരിക്കുകയായിരുന്നു. വരാന്തയില്‍ ഓടിക്കളിച്ച കുഞ്ഞിനെ സമീന ലാളിക്കുന്നതു കണ്ടു. പിന്നാലെ 3.5 ഗ്രാം തൂക്കമുള്ള മാല കാണാതായി. പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ സമീന മാല വിഴുങ്ങിയെന്നാണു കേസ്.

ജില്ലാ ആശുപത്രിയില്‍ നടത്തിയ എക്സ്-റേ പരിശോധനയില്‍ വയറ്റില്‍ ആഭരണം കണ്ടെത്തി. വയറിളക്കി മാല വീണ്ടെടുക്കാന്‍ എനിമ നല്‍കി. രണ്ട് വനിതാ സി.പി.ഒ.മാര്‍, കുട്ടിയുടെ മാതാവ് എന്നിവര്‍ കാവല്‍ നിന്നു. ആഭരണംമാത്രം പുറത്തുവന്നില്ല. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കിയശേഷം തിരികെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.