പത്തനംതിട്ട: പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ അതിക്രമം നടത്തുകയും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിന്റെ ഗ്രില്‍, ഫാന്‍, ക്ലോക്ക്, പൂച്ചട്ടി തുടങ്ങിയ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തയാളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. കോന്നി വകയാര്‍ കൊല്ലംപടി സ്വദേശി മുതുപേഴുങ്കല്‍ കോട്ടപ്പുറത്ത് വീട്ടില്‍ സുധീഷ്(32) ആണ് പിടിയിലായത്.

ഞായറാഴ്ച വൈകുന്നേരം ആയിരുന്നു കേസിനാസ്പദമായ സംഭവം. കെഎസ്ആര്‍ടിസി ജീവനക്കാരെ അസഭ്യം വിളിച്ച ഇയാള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിന്റെ മുന്‍വശം ഗ്രില്ലും ഫാന്‍ ക്ലോക്ക് പൂച്ചട്ടികള്‍ മുതലായവ നശിപ്പിക്കുകയും ആയിരുന്നു. ഇയാള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എസ്‌ഐ ഷിജു പി സാമിന്റെ നേതൃത്വത്തില്‍ രാത്രിയോടെ പ്രതിയെ അറസ്റ്റ് ചെയ്ത പത്തനംതിട്ട പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.