ചേലേമ്പ്ര: ചേലൂപ്പാടം പ്രദേശത്ത് വാടകവീട്ടില്‍നിന്നും വീടിനുമുന്നില്‍ നിര്‍ത്തിയിട്ട കാറില്‍നിന്നുമായി 525.153 ഗ്രാം എം.ഡി.എം.എ. പിടികൂടി. കേസില്‍ എംഡിഎംഎ വില്‍പ്പന നടത്തിയ ചേലേമ്പ്ര പൈങ്ങോട്ടൂര്‍ ചാത്തന്‍കാവ് ചോലയില്‍ ചെട്ടിയാട്ടില്‍ ഹാഷിഖി(26)നെ അറസ്റ്റ്ചെയ്തു. മലപ്പുറം എക്സൈസ് കേസ് രജിസ്റ്റര്‍ചെയ്തു. ഹാഷിഖ് താമസിക്കുന്ന വാടക വീട്ടില്‍ നിന്നുമാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്.

ഹാഷിഖ് താമസിക്കുന്ന വാടകവീട്ടില്‍നിന്നും വീടിനുസമീപത്ത് നിര്‍ത്തിയിട്ട കാറിന്റെ ഡാഷ്ബോര്‍ഡില്‍നിന്നുമായി എം.ഡി.എം.എ.യ്ക്കുപുറമേ, 2,25,840 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും ഡിജിറ്റല്‍ ത്രാസും കണ്ടെടുത്തു. എക്സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷിജുമോന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മലപ്പുറം എക്സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘവും മലപ്പുറം എക്സൈസ് ഇന്‍സ്‌പെക്ടറും ഉത്തരമേഖലാ കമ്മിഷണര്‍ സ്‌ക്വാഡ് അംഗവുമായ ടി. ഷിജുമോന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

മലപ്പുറം എക്സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്സൈസ് ഇന്‍സ്‌പെക്ടര്‍ ജയേഷ്‌കുമാര്‍, ആസിഫ് ഇക്ബാല്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) സബീര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ധന്യ, പ്രവീണ്‍, അഖില്‍ദാസ്, സച്ചിന്‍ദാസ്, വിനോദ്കുമാര്‍ എന്നിവര്‍ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

ഒരാഴ്ച മുന്‍പ് ചേലേമ്പ്ര കൊളക്കാട്ടുചാലി പരിസരത്തുനിന്ന് വിപണിയില്‍ ഒരുകോടിയോളം രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി ദമ്പതിമാരടക്കം മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു.