കാഞ്ഞങ്ങാട്: ജോലിയുമായി ബന്ധപ്പെട്ടു ശാസിച്ച ഡോക്ടറുടെ പരിശോധനാമുറിയില്‍ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാവുങ്കാല്‍ ഇസിഎച്ച്എസ് പോളിക്ലിനിക് ആശുപത്രിയിലെ ഡോ.ടി.കെ.ഷര്‍മിനയുടെ പരാതിയിലാണു ജീവനക്കാരനായ ജയകൃഷ്ണന്‍, ആശുപത്രി ലാബ് ടെക്‌നിഷ്യ അഞ്ജലി എന്നിവര്‍ക്കെതിരെ പോലിസ് കേസെടുത്തത്.

ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണു സംഭവം. ഡോക്ടറോടുള്ള വൈരാഗ്യത്തില്‍ മുറിയിലും മേശയിലും കസേരയിലും നായ്ക്കുരണപ്പൊടി വിതറിയ നിലയിലായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡോക്ടര്‍ പിന്നീട് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണു പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസ്. ഇരുവരെയും ജോലിസംബന്ധമായി ഡോക്ടര്‍ മുന്‍പു ശകാരിച്ചിരുന്നു. ഇതാണു പ്രതികാരത്തിനു കാരണമായതെന്നു പൊലീസ് പറയുന്നു.