ജാര്‍ഖണ്ഡ്: പ്രണയം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കാമുകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സോണി കുമാരി (16), രമേഷ് ബറൈക്ക് എന്നിവരാണ് ആത്മഹത്യ ചെയ്തത്. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം. ഇരുവരും തമ്മില്‍ പ്രേമത്തിലായിരുന്നുവെന്നും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് കംദാര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗംഹര്‍ ടോളി ഗ്രാമത്തിന് സമീപത്തെ മരത്തില്‍ ഇരുവരേയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ശനിയാഴ്ച സോണി മെട്രിക്കുലേഷന്‍ പ്രാക്ടിക്കല്‍ പരീക്ഷ എഴുതാനായി ബസിയയിലെത്തിയിരുന്നു. അതേസമയം അവളെ കൂട്ടിക്കൊണ്ടുപോകാനായി അവളുടെ അച്ഛനും സ്‌കൂളില്‍ എത്തി. എന്നാല്‍ സ്‌കൂളിലെത്തിയ കാമുകനൊപ്പം സോണി ആരും കാണാതെ പോവുകയായിരുന്നു.

തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് ഗ്രാമവാസികള്‍ ഇരുവരെയും മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കുന്നതിന് മുമ്പ് യുവാവ് പകര്‍ത്തിയ വിഡിയോ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതായി പൊലീസ് വ്യക്തമാക്കി. തൂങ്ങിമരിക്കും മുമ്പ് ഇരുവരും കീടനാശിനി കഴിച്ചെന്നാണ് പ്രാഥമിക നിഗമനം

കുടുംബാംഗങ്ങളുടെയും അയല്‍വാസികളുടെയും മൊഴി രേഖപ്പെടുത്തി വരികയാണെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.