ദോഹ: ഇറാന്‍ സൈന്യം ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ ഒരു മലയാളിക്ക് പരിക്ക്. തൃശൂര്‍ വെങ്കിടങ്ങ് സ്വദേശി ഹിഷാമിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഹിഷാം അപകടനില തരണം ചെയ്തിട്ടുണ്ട്.

അതേസമയം, ഒമാനിലെ കസബില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്ന എണ്ണക്കപ്പലില്‍ജോലി ചെയ്തിരുന്ന രണ്ട് ഇന്ത്യക്കാരെ കാണാതായി. കപ്പലിന്റെ ക്യാപ്റ്റന്‍ ബിഹാര്‍ സ്വദേശി ആശിഷ് കുമാര്‍, രാജസ്ഥാന്‍ സ്വദേശി ദിലീപ് സിങ് എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ഞായറാഴ്ച ഉച്ചയോടെയാണ് കപ്പലിനുനേരെ ആക്രമണം ഉണ്ടായത്. പത്ത് ഇന്ത്യക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ടാങ്കര്‍ വൃത്തിയാക്കാന്‍ വേണ്ടി കൊണ്ടുവന്ന സമയത്താണ് ആക്രമണം നടന്നത്.

അതേസമയം ആക്രമണത്തില്‍ പരിക്കേറ്റവരില്‍ മൂന്ന് ഇന്ത്യക്കാരുണ്ടെന്നും അവരുടെ നില ഗുരുതരമല്ല എന്നുമാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. കപ്പലിന്റെ എഞ്ചിന്‍ റൂമും ജീവനക്കാര്‍ താമസിക്കുന്ന സ്ഥലവും ആക്രമണത്തില്‍ കത്തിനശിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.