കൊച്ചി: മലപ്പുറം പൂക്കിപ്പറമ്പില്‍ 44 പേര്‍ മരിച്ച ബസ് അപകടത്തില്‍ ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ. 25 വര്‍ഷം മുമ്പ് നടന്ന അപകടത്തില്‍ പ്രതിയായ ഡ്രൈവര്‍ രാമനാട്ടുകര സ്വദേശി സുധീര്‍കുമാറിനെയാണ് (സുധീര്‍) നരഹത്യയ്ക്ക് ഹൈക്കോടതി അഞ്ചുവര്‍ഷം തടവിനും രണ്ടുലക്ഷംരൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.

അതിവേഗത്തില്‍ അപകടകരമായി ബസ് ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ തടവുശിക്ഷ വിധിപ്പിച്ചത്. ബസിന്റെ വേഗം കുറയ്ക്കാന്‍ യാത്രക്കാര്‍ അടക്കം ആവശ്യപ്പെട്ടിട്ടും സുധീര്‍ തയ്യാറായില്ലെന്ന് കോടതി വിലയിരുത്തി. വിചാരണക്കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ഉത്തരവ്. രണ്ടുവര്‍ഷം ശിക്ഷിച്ചതിനെതിരേ പ്രതിയും അപ്പീല്‍ നല്‍കിയിരുന്നു.

2001 മാര്‍ച്ച് 11-ന് ഗുരുവായൂരില്‍നിന്ന് തലശ്ശേരിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന പ്രണവം എന്ന സ്വകാര്യബസാണ് മലപ്പുറം പൂക്കിപ്പറമ്പില്‍ അപകടത്തില്‍പ്പെട്ടത്. ബസ് കാറിലിടിച്ച് മറിഞ്ഞശേഷം പൂര്‍ണമായും കത്തിയമര്‍ന്നു. ബസിലെ യാത്രക്കാരായ 44 പേര്‍ വെന്തു മരിച്ചു. തിരൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയാണ് രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചത്.