കൊച്ചി: സിറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്റ് മേരീസ് ബസലിക്കയില്‍ നടത്തുന്ന കുര്‍ബാനയ്ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ബസലിക്കയിലെ കുര്‍ബാന അര്‍പ്പണവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ടി.ആര്‍.രാമചന്ദ്രന്‍ നായരെ ഹൈക്കോടതി മധ്യസ്ഥനായി നിയമിച്ചു. ബസലിക്കയ്ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരി മാര്‍ ജോസഫ് പാംപ്ലാനി നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.

ബസലിക്കയിലോ അനുബന്ധ കെട്ടിടങ്ങളിലോ വിശ്വാസികള്‍ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ പാടില്ലെങ്കിലും വൈദികര്‍ക്കായി മാത്രമുള്ള കുര്‍ബാന ബസലിക്കയോട് ചേര്‍ന്നുള്ള ചാപ്പലില്‍ നടത്താം. വിശ്വാസികള്‍ക്കായി എല്ലാ ദിവസവും രാവിലെ 5:30 മുതല്‍ രാത്രി 8 മണി വരെ പള്ളി തുറന്നു നല്‍കണം. പ്രതിഷേധക്കാര്‍ നാളെ അഞ്ച് മണിക്ക് മുന്‍പ് പള്ളിയില്‍ നിന്നും ഒഴിഞ്ഞു പോകണം. പള്ളിയിലേക്ക് ആരാധനയ്ക്ക് വരുന്ന ആരെയും തടയാന്‍ പാടില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദേശിച്ചു.