ആലപ്പുഴ: ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറപ്പെടാനിരിക്കെ ധന്‍ബാദ് എക്‌സ്പ്രസിന്റെ കോച്ചിന് താഴെ മനുഷ്യന്റെ കൈ കണ്ടെത്തി. ട്രെയിനിന്റെ എസ് അഞ്ച് കോച്ചിനടിയിലാണ് അറ്റ നിലയില്‍ കിടന്ന മനുഷ്യന്റെ കൈ കണ്ടെത്തിയത്. ട്രെയിന്‍ തട്ടി മരിച്ച ആരുടെയോ ആണെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ രാത്രിയാണ് ധന്‍ബാദില്‍ നിന്ന് ട്രെയിന്‍ ആലപ്പുഴയിലെത്തിയത്. ഇന്ന് ട്രെയിന്‍ പുറപ്പെടാനിരിക്കെയാണ് കൈ കണ്ടെത്തിയത്.

സംഭവത്തെതുടര്‍ന്ന് എസ് 5 കോച്ച് മാത്രം പിടിച്ചിട്ടശേഷം ട്രെയിന്‍ യാത്ര പുറപ്പെടുകയായിരുന്നു. സംഭവത്തില്‍ ആര്‍പിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ധന്‍ബാദ് എക്‌സ്പ്രസ് പോകുന്ന പാതയില്‍ ആരെങ്കിലും ട്രെയിന്‍ തട്ടി മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നോയെന്ന കാര്യമടക്കം റെയില്‍വെ പരിശോധിക്കുന്നുണ്ട്.