പെരുനാട്: വടശ്ശേരിക്കര, പെരുനാട് മേഖലകളില്‍ മാരക ലഹരിമരുന്നുകളുടെ വില്‍പ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പശ്ചിമബംഗാള്‍ സ്വദേശി പോലീസിന്റെ പിടിയിലായി. പശ്ചിമബംഗാള്‍ 24 പര്‍ഗാനാസ് ജില്ലയിലെ ഹബ്ര നോര്‍ത്ത് സ്വദേശി ബുദ്ധദേബ് ബിശ്വാസ് (28) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 30 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു.

ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഐ.പി.എസിന് ലഭിച്ച കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജില്ലാ ഡാന്‍സാഫ് (DANSAF) ടീമും പെരുനാട് പോലീസും സംയുക്തമായാണ് അന്വേഷണം നടത്തിയത്.

നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി പ്രകാശ് കെ.എസ്, റാന്നി ഡി.വൈ.എസ്.പി ബിനു കുമാര്‍ എം.കെ എന്നിവരുടെ മേല്‍നോട്ടത്തില്‍ പെരുനാട് ഇന്‍സ്‌പെക്ടര്‍ (SHO) വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.

നര്‍ക്കോട്ടിക് സെല്‍ എസ്.ഐ മുജീബ് റഹ്‌മാന്‍, ഡാന്‍സാഫ് എസ്.ഐ അജികുമാര്‍ ആര്‍, സുജിത്ത്, മിഥുന്‍ ജോസ്, ബിനു, ശ്രീരാജ്, ജിതിന്‍, ഷെഫീഖ്, വിമല്‍, സി.പി.ഒമാരായ വിഷ്ണു, സുഭാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ലഹരിമരുന്ന് ഇടപാടില്‍ ഇയാളുമായി ബന്ധമുള്ള പ്രദേശവാസികളായ ചിലരെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി ഊര്‍ജിതമായ അന്വേഷണം നടന്നുവരികയാണെന്നും ഉടന്‍ പിടിയിലാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.