തിരുവനന്തപുരം: 14, 15 തീയതികളില്‍ കോട്ടയം വഴിയുള്ള ചില ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റംവരുത്തി. ചെങ്ങന്നൂര്‍-മാവേലിക്കര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ട്രെയിന്‍ സര്‍വീസില്‍ മാറ്റം. 14-നുള്ള കൊല്ലം-എറണാകുളം മെമുവിന്റെ(നമ്പര്‍ 66310) സര്‍വീസ് റദ്ദാക്കി.

എട്ടു ട്രെയിനുകള്‍ ആലപ്പുഴ വഴി വഴി തിരിച്ചു വിടും. 14-ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ശ്രീഗംഗാനഗര്‍ എക്‌സ്പ്രസ്, െബംഗളൂരു എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ്, രാമേശ്വരം അമൃത എക്‌സ്പ്രസ്, മംഗളൂരു എക്‌സ്പ്രസ് (നമ്പര്‍ 16347) എന്നിവയും കന്യാകുമാരി-ദീബ്രുഗഡ് വിവേക് എക്‌സ്പ്രസ്, തിരുവനന്തപുരം നോര്‍ത്ത്-നിലമ്പൂര്‍ റോഡ് രാജ്യറാണി എക്‌സ്പ്രസ് എന്നിവ ആലപ്പുഴ വഴി സര്‍വീസ് നടത്തും. ദീര്‍ഘദൂര തീവണ്ടികള്‍ക്ക് ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളിലും മറ്റുള്ളവയ്ക്ക് ചേര്‍ത്തലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ഭാഗികമായി റദ്ദാക്കിയവ

മധുര-ഗുരുവായൂര്‍ എക്‌സ്പ്രസ് 14-ന് കൊല്ലത്ത് സര്‍വീസ് അവസാനിപ്പിക്കും. 15-ന് കൊല്ലത്തുനിന്ന് മധുരയിലേക്കു പുറപ്പെടും. നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ് 14-ന് കായംകുളംവരെയേ സര്‍വീസ് നടത്തൂ. 13-ന് കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കുന്ന ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 14-ന് കോട്ടയത്തുനിന്ന് ചെന്നൈയിലേക്കു പുറപ്പെടും.