പത്തനംതിട്ട: മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച അയല്‍വാസി ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ് മരിച്ചു. പത്തനംതിട്ട കോന്നി എലിയറക്കലിലാണ് സംഭവം. എലിയറക്കല്‍ സ്വദേശി വഹാബ് (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിയാസ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിയാസിന്റെ അയല്‍വാസിയും അടുത്ത ബന്ധുവുമാണ് കൊല്ലപ്പെട്ട വഹാബ്.

നിയാസും ഭാര്യയും തമ്മില്‍ കുടുംബ കലഹം പതിവാണ്. നിയാസിന്റെ വീടിന് തൊട്ടടുത്താണ് വഹാബിന്റെ വീട്. മദ്യലഹരിയില്‍ നിയാസ് ഭാര്യയെ ഉപദ്രവിക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തുകയായിരുന്നു വഹാബ്. തുടര്‍ന്ന് നിയാസിനെ തടയാന്‍ ശ്രമിച്ചു. ഇതിനിടെ നിയാസ് ചുറ്റികയെടുത്ത് വഹാബിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വഹാബ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്.