മുംബൈ: മകന്റെ മുന്നില്‍വച്ച് ഭാര്യയെ ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശിനിയായ പുഷ്പയാണ് കൊല്ലപ്പെട്ടത്. 13 വയസ്സുള്ള മകന്റെ കണ്‍മുന്നില്‍വെച്ചാണ് അച്ഛന്‍ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുന്നത്. കുടുംബവഴക്കാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ ഭര്‍ത്താവ് രാജുവിനെ ഗുജറാത്തിലെ സൂറത്തില്‍ നിന്നും റെയില്‍വേ പൊലീസ് പിടികൂടി.

ദമ്പതികള്‍ക്കിടയില്‍ നിരന്തരം പ്രശ്‌നങ്ങള്‍ പതിവായിരുന്നെന്ന് പുഷ്പയുടെ സദോഹരന്‍ കമലേഷ് പറഞ്ഞു. മാര്‍ച്ച് 14ന് തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് പുഷ്പ പൊലീസിനെ സമീപിച്ചു. പിന്നാലെ സഹോദരിയേയും മക്കളേയും നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി കമലേഷ് മുംബൈയിലെത്തി. കമലേഷിനൊപ്പം തിരിച്ച് പോകാനായി മുളുണ്ട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് തന്റെ ആര്‍മി ഐഡി കാര്‍ഡ് രാജ്കുമാറിന്റെ വീട്ടില്‍ മറന്നുവച്ച കാര്യം കമലേഷ് ഓര്‍ത്തത്. ഇത് എടുക്കാനായി കമലേഷ് സഹോദരിയുടെ കുട്ടിയുമായി തിരികെ പോയി. ഈ സമയം വീട്ടിലുണ്ടായിരുന്ന രാജ്കുമാര്‍ കമലേഷിനെ വീട്ടിനുള്ളിലാക്കി പൂട്ടിയിട്ടു.

തുടര്‍ന്ന് പ്രതി രാജ്കുമാര്‍ മുളുണ്ട് സ്റ്റേഷനിലെത്തുകയും ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന പുഷ്പയെ ഓടിക്കൊണ്ടിരുന്ന ലോക്കല്‍ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. യാത്രക്കാര്‍ ഉടന്‍ തന്നെ സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയിച്ചു. റെയില്‍വേ ഉദ്യോഗസ്ഥര്‍ പുഷ്പയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഈ സമയം അയല്‍വാസികളുടെ സഹായത്തോടെ കമലേഷ് വീട്ടില്‍ നിന്നും രക്ഷപ്പെട്ടു സ്റ്റേഷനിലെത്തുമ്പോഴാണ് ദുരന്ത വാര്‍ത്ത അറിയുന്നത്. സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളില്‍ സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.