തൃശ്ശൂര്‍: സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനുശേഷം ഉപയോഗിക്കുന്ന അടിയന്തിര ഗര്‍ഭനിരോധന ഗുളികകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി മരുന്നിന്റെ കവറിലും പെട്ടിയുടെ മുകളിലും മുന്നറിയിപ്പ് ഉള്‍പ്പെടുത്തും. ലെവനോര്‍ജെസ്ട്രല്‍ എന്ന മരുന്നിന്റെ കവറിലാണ് പെട്ടിക്കുള്ളിലുള്ള മുന്നറിയിപ്പ് ഉള്‍പ്പെടുത്തുക. ഇതിനുള്ള ശുപാര്‍ശ ഔഷധമന്ത്രാലയത്തിലെ രണ്ട് ഉന്നതസമിതികള്‍ നല്‍കിക്കഴിഞ്ഞു.

എച്ച്. ഐ.വി.ക്കെതിരേയോ മറ്റ് ലൈംഗിക രോഗങ്ങള്‍ക്കെതിരേയോ സംരക്ഷണം നല്‍കുന്നില്ലായെന്നതാണ് ആദ്യ മുന്നറിയിപ്പ്. മാസത്തില്‍ രണ്ടുതവണയില്‍ കൂടുതല്‍ കഴിക്കരുതെന്നതാണ് അടുത്തത്. മറ്റ് അനുയോജ്യ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പില്‍ പറയും. പാര്‍ശ്വഫലത്തിന് സാധ്യതയുള്ള ഇത്തരം മരുന്നുകളുടെ ഉപയോഗം കുറയ്ക്കുന്നതിനു വേണ്ടിയാണ് മുന്നറിയിപ്പ് നല്‍കുന്നത്.

വിപണനത്തിന് കൂടുതല്‍ നിയന്ത്രണങ്ങളുള്ള കെ -ഷെഡ്യൂളിലേക്ക് മരുന്നിനെ ഉള്‍പ്പെടുത്താനും ശുപാര്‍ശയുണ്ട്. ഡ്രഗ്സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി, ഡ്രഗ്സ് ടെക്നിക്കല്‍ അഡൈ്വസറി ബോര്‍ഡ് എന്നിവയാണ് മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഉറകള്‍ പോലെയുള്ള മാര്‍ഗങ്ങള്‍ പരാജയപ്പെടുമ്പോഴും സുരക്ഷയില്ലാത്ത ലൈംഗികബന്ധത്തിനുശേഷവും ഉണ്ടാകാവുന്ന ഗര്‍ഭധാരണത്തെ തടയാനായി ഉപയോഗിക്കുന്നതാണ് ലെവനോര്‍ജെസ്ട്രല്‍. 24 മണിക്കൂറിനുള്ളില്‍ മരുന്ന് ഉപയോഗിക്കാനായാല്‍ നന്ന്. ഏതായാലും 72 മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം. എങ്കിലും ഫലപ്രാപ്തി നൂറുശതമാനം ഉറപ്പില്ല.