ശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ടവല്‍ ചുറ്റി നൃത്തം ചെയ്ത് പെണ്‍കുട്ടികള്‍. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും വന്‍തോതില്‍ വിമര്‍ശനം നേരിടുകയും ചെയ്തതോടെ ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ രംഗത്തെത്തി. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ എന്ന ഷാറൂഖ് ഖാന്‍ ചിത്രത്തിലെ മേരെ ഖ്വാബോന്‍ മേം എന്ന ഗാനത്തിനാണ് പെണ്‍കുട്ടികള്‍ ടവല്‍ ചുറ്റി നൃത്തം ചെയ്തത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കമ്മിഷന്‍ സ്വമേധയാ ഇടപെട്ടതും സംസ്ഥാന പൊലീസ് മേധാവിക്കും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും നോട്ടിസ് അയച്ചതും.

സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സ്‌കൂള്‍ അധികൃതരോട് കമ്മിഷന്‍ ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ ഇത്തരം ഡാന്‍സ് സ്റ്റെപ്പുകളും വേഷവും കുട്ടികളുടെ അന്തസ്സിനും മാനസിക വളര്‍ച്ചയ്ക്കും വിരുദ്ധമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ വിലയിരുത്തി. സ്‌കൂളുകളില്‍ നടത്തുന്ന വിനോദ പരിപാടികള്‍ കുട്ടികള്‍ക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്നും കമ്മിഷന്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് നാലാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഇത്തരം കാര്യങ്ങള്‍ സ്‌കൂള്‍ പരിസരത്ത് ഇനി സംഭവിക്കാതിരിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം.