മുംബൈ: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മഹാരാഷ്ട്ര ബി.ജെ.പി അദ്ധ്യക്ഷന്‍ രവീന്ദ്ര ചവാന്‍ ഡോംബിവല്ലിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ യോഗം വിളിച്ചു ചേര്‍ത്തു.

മുംബൈയില്‍ താമസിക്കുന്ന കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള മലയാളി പ്രവര്‍ത്തകര്‍ അവരവരുടെ സ്ഥലത്ത് പോയി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള പ്രവര്‍ത്തന പദ്ധതി യോഗത്തില്‍ തയ്യാറാക്കി. മഹാരാഷ്ട്രയില്‍ വസിക്കുന്ന മലയാളികള്‍ ഫോണ്‍ വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയും കേരളത്തിലെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഭാരതീയ ജനാതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥന നടത്തണമെന്ന് രവീന്ദ്ര ചവാന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാക്കള്‍, എം എല്‍ എ മാര്‍ ,എം പി മാര്‍ എന്നിവരെ കേരളത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചുമതലപ്പെടുത്തി. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് തവ്‌ഡെക്കാണ് കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ ചുമതല. യോഗത്തില്‍ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അതുല്‍ കല്‍സേക്കര്‍ ബി ജെ പി മഹരാഷ്ട്ര മലയാളി വിഭാഗം കോര്‍ഡിനേറ്റര്‍ ഉത്തംകുമാര്‍ ഡോംബിവല്ലി സൗത്ത് ഇന്ത്യന്‍ സെല്‍ പ്രസിഡണ്ട് മോഹന്‍ നായര്‍ എന്നിവര്‍ ഉള്‍പ്പെടെ ഡോംബിവല്ലിയിലെ നിരവധി മലയാളി പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു.