തിരുവനന്തപുരം: വോട്ട് ചെയ്താല്‍ ഒരു രൂപയ്ക്ക് പുട്ടുപൊടി. വോട്ടവകാശം വിനയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ വോട്ടര്‍മാര്‍ക്ക് വേറിട്ട ഓഫറുമായി സപ്ലൈകോ രംഗത്ത്. ഏപ്രില്‍ 9-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

സപ്ലൈകോയില്‍ നിന്ന് 1,000 രൂപയ്ക്ക് മുകളില്‍ സബ്സിഡിയില്ലാത്ത സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി ലഭിക്കുക.വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിച്ച ശേഷമായിരിക്കും പുട്ടുപൊടി നല്‍കുക.

തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ട്രോറല്‍ പാര്‍ട്ടിസിപ്പേഷന്‍), സപ്ലൈകോ എന്നിവ സംയുക്തമായി 'വോട്ടു ചെയ്യൂ, പുട്ടടിക്കൂ' എന്ന ടാഗ്ലൈനോടെയുള്ള ഈ ക്യാമ്പയിന്‍ അവതരിപ്പിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രില്‍ 10, 11 തീയതികളില്‍ സപ്ലൈകോ ഔട്ട്ലെറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.