കണ്ണൂര്‍: മട്ടന്നൂര്‍ മണ്ഡലത്തിലെ മാലൂരില്‍ ബിജെപി ബൂത്ത് ഏജന്റിനുനേരെ ആക്രമണം. ബൂത്ത് ഏജന്റ് മനോളി ഷൈജുവിന്റെ തലയ്ക്ക് പരുക്കേറ്റു. സിപിഎമ്മുകാര്‍ ബൂത്ത് ഏജന്റിന് നേരെ കല്ലെറിഞ്ഞെന്ന് പരാതി. കുണ്ടേരിപൊയില്‍ എല്‍.പി. സ്‌കൂളില്‍ ബൂത്ത് ഏജന്റായി അപേക്ഷ സമര്‍പ്പിച്ചശേഷം തിരിച്ചുവരുമ്പോള്‍ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ഷൈജുവിനെ തലശ്ശേരി ജനറല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി. കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് നടപടികള്‍ ആരംഭിച്ചു. 2,71,42,952 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. എസ്.ഐ.ആറിന് ശേഷം തയ്യാറാക്കിയ വോട്ടര്‍പട്ടിക അനുസരിച്ചുള്ള ആദ്യതിരഞ്ഞെടുപ്പെന്ന പ്രാധാന്യവും ഉണ്ട്. ആകെ 30,495 പോളിങ് ബൂത്തുകളാണുള്ളത്. 2040 എണ്ണം പ്രശ്‌നബാധിതമായി കണ്ടെത്തിയിട്ടുണ്ട്. 76000 പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ട്. എല്ലാ ബൂത്തുകളില്‍നിന്നും വെബ് കാസ്റ്റിംങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.