ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് ആരോപിച്ച് ഡല്‍ഹിയില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് കന്യാസ്ത്രീകളെയും എട്ട് വിദ്യാര്‍ഥിനികളെയും റെയില്‍വേ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചൊവ്വാഴ്ച മധ്യപ്രദേശിലെ ഇന്ദോര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കന്യാസ്ത്രീകളെയും കന്യാസ്ത്രീ പഠനം നടത്തുന്ന ഒഡിഷയില്‍നിന്നുള്ള വിദ്യാര്‍ഥിനികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. സ്റ്റേഷനിനെത്തിയ ഉടനെ, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തെളിവുകളുണ്ടെന്ന് പറഞ്ഞായിരുന്നു പൊലീസ് നടപടി. ഇതോടെ ഇവര്‍ ഭയന്നു പോയി.

അവധിക്കായി വീട്ടിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ഥിനികള്‍. ഇന്ദോര്‍ രൂപത ബിഷപ് തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതോടെ സംഘത്തെ വിട്ടയച്ചു. ഇവര്‍ക്ക് യാത്ര ചെയ്യേണ്ടിയിരുന്ന ട്രെയിന്‍ നഷ്ടമായി. ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുകയാണെന്നും വൈകി നിരപരാധിത്വം തെളിയിക്കപ്പെടുമെങ്കിലും മാനസിക വിഷമവും സമയനഷ്ടവും പരിഹരിക്കാനാവില്ലെന്നും ബിഷപ് തോമസ് മാത്യു പ്രതികരിച്ചു.