- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗള്‍ഫില്‍ നിന്നെത്തിയയാളെ സത്കാരത്തിനിടെ അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു; അയല്‍വാസിയായ സുഹൃത്ത് അറസ്റ്റില്‍
ഗൾഫിൽനിന്നെത്തിയ സുഹൃത്തിനെ സത്കാരത്തിന് വിളിച്ചുവരുത്തി കൊലപ്പെടുത്തി

തൃശ്ശൂര്‍: ഗള്‍ഫില്‍ നിന്നെത്തിയയാളെ സത്കാരത്തിനിടെ അടിച്ചും കഴുത്ത് ഞെരിച്ചും കൊന്ന സുഹൃത്ത് അറസ്റ്റില്‍. വെങ്ങിണിശ്ശേരി തേറാട്ടില്‍ ജോര്‍ജ്ജിന്റെ മകന് രാജു (52) ആണ് മരിച്ചത്. രാജുവിനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തും അയല്‍വാസിയുമായ പുത്തൂര്‍ ഫ്രിന്റോ (42)യെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ നാലിന് ദുബായില്‍നിന്ന് എത്തിയ രാജു തിരിച്ച് പോകാനിരിക്കെയാണ് സംഭവം. ദുബായിലെ കമ്പനിയില്‍ ഇലക്ട്രീഷ്യനായിരുന്നു രാജു.
രാജുവിന്റെ വീട്ടില്‍ സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ സത്ക്കാരത്തിന് പിന്നാലെയാണ് കൊലപാതകം. മരത്തിന്റെ ഫ്രെയിമുകളില്‍ ക്ലോക്ക് നിര്‍മിക്കുന്ന വ്യാപാരി കൂടിയായ രാജുവിന്റെ വീടിന് പിന്നില്‍ ക്ലോക്ക് നിര്‍മാണത്തിനുള്ള ചെറിയ പുരയുണ്ട്. ഇവിടെയാണ് രാത്രിയില്‍ സുഹൃത്തുക്കള്‍ക്കായി സത്കാരം ഒരുക്കിയത്. ബുധനാഴ്ച രാത്രി നടന്ന സത്കാരത്തിന് അഞ്ച് സുഹൃത്തുക്കളാണെത്തിയത്. നാലുപേര്‍ മടങ്ങിയതിനു പിന്നാലെ വ്യാഴാഴ്ച പുലര്‍ച്ചേയാണ് അടി ഉണ്ടായത്. മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു.
ഫ്രിന്റോ രാജുവിനെ പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. രാജു സംഭവസ്ഥലത്തുതന്നെ മരിച്ചു. നിലവിളി കേട്ട് ഓടിയെത്തിയവരാണ് പോലീസിനെ വിവരമറിയിച്ചത്. പ്രതി പോലീസിന് നേരേ കൈയേറ്റത്തിന് ശ്രമിച്ചെങ്കിലും ഇന്‍സ്പെക്ടര്‍ കെ.എന്‍. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് കീഴടക്കി സ്റ്റേഷനില്‍ എത്തിച്ചു. രാജുവിന്റെ ഭാര്യ: സിജി. മക്കള്‍: ഹേഭ, ഹെല്‍ന.


