വിഴിഞ്ഞം: പാറപ്പുറത്തു നിന്ന് സെല്‍ഫി എടുക്കവെ തിരയടിച്ച് കടലില്‍ വീണ യുവാവ് മരിച്ചു. ഇന്നലെ സന്ധ്യയോടടുത്ത് ആഴിമല കടല്‍ തീരത്തുണ്ടായ അപകടത്തില്‍ പത്തനംതിട്ട ഇടയാറന്‍മുള പഞ്ചവടിയില്‍ അനീഷ്(45) ആണ് മരിച്ചത്. തീര്‍ത്ഥാടനത്തിനെത്തിയ ബന്ധുക്കള്‍ക്കൊപ്പം ഡ്രൈവറായി എത്തിയതായിരുന്നു അനീഷ്. പാറപ്പുറത്ത് കയറി നിന്നും സെല്‍ഫി എടുക്കവെ തിരയടിച്ച് കടലിലേക്ക് വീഴുകയായിരുന്നു.

പത്തനംതിട്ട, മാന്നാര്‍ സ്വദേശികളായ 17 അംഗ കുടുംബാംഗങ്ങളുള്‍പ്പെട്ട തീര്‍ഥാടക സംഘം സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത് അനീഷായിരുന്നു. ഇടയാറന്‍മുള നിന്നും തിരിച്ച് തിരിച്ചെന്തൂര്‍ കന്യാകുമാരി വഴി പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശന ശേഷം ഉച്ച കഴിഞ്ഞാണ് സംഘം ആഴിമലയില്‍ എത്തിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട സംഘത്തിലെ അനീഷ് പാറപ്പുറത്ത് കയറി സെല്‍ഫി എടുക്കുന്നതിനിടെ അപ്രതീക്ഷിതമായി വീശിയടിച്ച തിരയില്‍പ്പെട്ടു കടലിലേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സംഭവം നടന്ന ഉടന്‍ തന്നെ ലൈഫ് ഗാര്‍ഡുകളുള്‍പ്പെട്ടവര്‍ ചേര്‍ന്നു അനീഷിനെ കരയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നതായി വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് അറിയിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. കാര്‍ത്തിക ഏക മകളാണ്. വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് തുടര്‍ നടപടികളെടുത്തു.