- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീലേശ്വരം വെടിക്കെട്ട് അപകടം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു: ഇതോടെ മരണം നാലായി
നീലേശ്വരം വെടിക്കെട്ട് അപകടം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു: ഇതോടെ മരണം നാലായി
കാഞ്ഞങ്ങാട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ് (19) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇതോടെ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
നേരത്തെ, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെയാള്‍ മരിച്ചിരുന്നു. കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38) ആണ് മരിച്ചത്. പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ബിജുവിന്റെ മരണം. ശരീരത്തിന്റെ 50 ശതമാനത്തോളം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞദിവസം മരിച്ച സി.സന്ദീപിന്റെ സുഹൃത്തുക്കളാണ് രതീഷും ബിജുവും. ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു. നീലേശ്വരം എഫ്‌സിഐ ഗോഡൗണിലെ തൊഴിലാളിയായ രതീഷ് നേരത്തേ കയ്യൂരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്നു. അവിവാഹിതനാണ്. അമ്മ ജാനകി. സഹോദരിമാര്‍: കാഞ്ചന, രാഗിണി. കൊല്ലംപാറയില്‍ വാന്‍ ഡ്രൈവറാണ് ബിജു.ബസ് കണ്ടക്ടറായിരുന്നു. ഭാര്യ മഞ്ജു. മക്കള്‍: ആദിശങ്കര്‍, അദ്വൈത്. പുഷ്പരാജന്റെയും ഷീബയുടെയും മകനാണ് ഷിബിന്‍രാജ്. സഹോദരി: ഷിബിന.
മംഗളൂരു, കാസര്‍കോട്, കാഞ്ഞങ്ങാട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് പൊള്ളലേറ്റവര്‍ ചികിത്സയിലുള്ളത്. ഒക്ടോബര്‍ 28ന് അര്‍ധരാത്രി നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ കളിയാട്ടത്തിനിടെയാണ് വെടിക്കെട്ടപകടം ഉണ്ടായത്. അപകടത്തില്‍ 154 പേര്‍ക്ക് പരുക്കേറ്റിരുന്നു. കേസിലെ ആദ്യ മൂന്നു പ്രതികളുടെ ജാമ്യം ഇന്നലെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി റദ്ദാക്കിയിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, കമ്മിറ്റി സെക്രട്ടറി ഭരതന്‍, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യം അനുവദിച്ചതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.
നൂറിലേറെ പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. പൊള്ളലേറ്റവരെല്ലാം തന്നെ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 30ഓളം പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.