- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രികക്ക് പിന്നാലെ നിറപറയും വിപ്രോക്ക് സ്വന്തമാവുന്നു; കേരളത്തിലെ പ്രമുഖ ഭക്ഷ്യ ബ്രാൻഡിനെ ഏറ്റെടുക്കുമെന്ന പ്രഖ്യാപനവുമായി വിപ്രോ ഗ്രൂപ്പ്; അരിമില്ലിൽ തുടങ്ങിയ ഒറ്റയാൾ സംരംഭം രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ ഭാഗമാകുമ്പോൾ പേരിൽ മാറ്റം വരുത്താതെ വിപ്രോയും
കൊച്ചി:ഒരു ഒറ്റയാൾ സംരംഭത്തിലൂടെ കേരളത്തിന്റെ രുചിവൈവിധ്യങ്ങളുടെ കലവറയിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചെടുത്ത വിജയ ചരിത്രമാണ് നിറപറക്ക് പറയാനുള്ളത്.വിജയത്തിന്റെ ചേരുവകൾ തിരിച്ചറിഞ്ഞുകൊണ്ട് കേരളം ആസ്ഥാനമായുള്ള പ്രമുഖ ഭക്ഷ്യോത്പന്ന ബ്രാൻഡായ 'നിറപറ'യെ രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ വിപ്രോ ഏറ്റെടുക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.വിപ്രോ ഗ്രൂപ്പിന് കീഴിലുള്ള ഉപഭോക്തൃ ഉത്പന്ന കമ്പനിയായ 'വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിങ്' വഴിയായിരിക്കും ഏറ്റെടുക്കലെന്നാണ് സൂചന.ഈയാഴ്ച തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെങ്കിലും ഏറ്റെടുക്കുന്ന തുകയോ മറ്റ് സാമ്പത്തിക ഇടപാടുകളെ കുറിച്ചോ വ്യക്തത ലഭിച്ചിട്ടില്ല.
സമാനമായ രീതിയിലാണ് ഏതാനും വർഷങ്ങൾക്ക് മുമ്പ് കേരളം ആസ്ഥാനമായ ചന്ദ്രിക സോപ്പിനെയും വിപ്രോ കൺസ്യൂമർ കെയർ സ്വന്തമാക്കിയിരുന്നു.ചന്ദ്രിക, സന്തൂർ, എൻചാന്റർ, യാർഡ്ലി എന്നീ ബ്രാൻഡുകളിലൂടെ പേഴ്സണൽ കെയർ രംഗത്ത് ശക്തമായ സാന്നിധ്യമുള്ള വിപ്രോ ഭക്ഷ്യോത്പന്ന വിപണിയിലേക്ക് ചുവടുവെയ്ക്കാനാണ് നിറപറയുടെ ഏറ്റെടുക്കലിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിന്റെ തനത് രുചിക്കൂട്ടിലൊരുക്കുന്ന അരി, കറിപ്പൊടികൾ, അച്ചാർ തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളിലൂടെയാണ് നിറപറ വിപണി പിടിച്ചത്.കെ.കെ. കർണൻ എന്ന സംരംഭകന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ കാലടിയിൽ അരിമില്ല് തുടങ്ങിക്കൊണ്ടാണ് കമ്പനിയുടെ തുടക്കം.1988-ലാണ് 'നിറപറ' എന്ന ബ്രാൻഡ്നാമം സ്വീകരിക്കുന്നത്. പിന്നീട് സുഗന്ധവ്യഞ്ജന രംഗത്തേക്കും ചുവടുവെച്ചു. അദ്ദേഹത്തിന്റെ മകൻ ബിജു കർണന്റെ നേതൃത്വത്തിലാണ് നിറപറ പുതിയ വിപണികളിലേക്ക് പ്രവേശിച്ചത്. കേരള വിപണിക്ക് പുറമേ മറുനാടൻ മലയാളികളുള്ള ഇടങ്ങളിലേക്കൊക്കെ സാന്നിധ്യം വ്യാപിപ്പിച്ചു. അങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും ചുവടുറപ്പിച്ചത്. പിന്നീട് അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലേക്കും വിപണി വിപുലീകരിച്ചു. ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, കാവ്യാ മാധവൻ എന്നിവർ നിറപറയുടെ ബ്രാൻഡ് അംബാസഡർമാരായും പ്രവർത്തിച്ചിരുന്നു.
2017-18 സാമ്പത്തിക വർഷം ഏതാണ്ട് 400 കോടി രൂപ വിറ്റുവരവുണ്ടായിരുന്ന കമ്പനി 2020-ഓടെ അത് 1,000 കോടി രൂപയിലെത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.എന്നാൽ, പ്രതിസന്ധികളെത്തുടർന്ന് കഴിഞ്ഞ മൂന്നു-നാലു വർഷങ്ങളായി മേൽക്കൈ നഷ്ടപ്പെടുകയായിരുന്നു.ഇതോടെ, പല വിപണികളിൽനിന്നും ക്രമേണ നിറപറ ഉത്പന്നങ്ങൾ അപ്രത്യക്ഷമാകാൻ തുടങ്ങി.ഇതോടെയാണ് വിപ്രോ ഉൾപ്പെടെയുള്ള കമ്പനികളെ സമീപിച്ചത്.ഒരു വർഷം മുമ്പുതന്നെ വിപ്രോയുമായുള്ള ഇടപാട് സംബന്ധിച്ച അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും വില സംബന്ധിച്ച ധാരണയെത്താത്തതിനെത്തുടർന്ന് അത് പരാജയപ്പെട്ടിരുന്നു.എന്നാൽ, പിന്നീട് ഇരുകൂട്ടരും വീണ്ടും ഇടപാട് സംബന്ധിച്ച് ചർച്ചകൾ നടത്തി ധാരണയുണ്ടാക്കുകയായിരുന്നു.
ഏറ്റെടുക്കൽ പൂർത്തിയായാലും 'നിറപറ' എന്ന ബ്രാൻഡ് നിലനിർത്തുമെന്നാണ് അറിയുന്നത്.എന്നാൽ ഇടപാടിനെക്കുറിച്ച് നിറപറയുടെ സ്ഥാപകൻ കെ.കെ.ആർ. കർണൻ, മാനേജിങ് ഡയറക്ടർ ബിജു കർണൻ എന്നിവർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
നിറപറ കൂടി രാജ്യത്തെ മറ്റൊരു വ്യവസായ ഗ്രൂപ്പിന്റെ കൈകളിലേക്കെത്തുമ്പോൾ സമാനമായ രീതിയിൽ കേരളത്തിലെ മറ്റ് കമ്പനികളും കുത്തകകളുടെ കൈകളിലേക്ക് പോയ ചരിത്രവുമുണ്ട്.രണ്ടു വർഷം മുമ്പ് കേരളം ആസ്ഥാനമായ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന-ഭക്ഷ്യോത്പന്ന കമ്പനിയായ 'ഈസ്റ്റേൺ കോണ്ടിമെന്റ്സി'ന്റെ 67.80 ശതമാനം ഓഹരികൾ 1,356 കോടി രൂപയ്ക്ക് നോർവീജിയൻ കമ്പനിയായ 'ഓർക്ല' സ്വന്തമാക്കിയിരുന്നു.
അവരുടെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ കമ്പനിയായ 'എം ടി.ആർ. ഫുഡ്സി'ലൂടെയായിരുന്നു ഏറ്റെടുക്കൽ. 'ഈസ്റ്റേൺ' എന്ന ബ്രാൻഡ് നിലനിർത്തിക്കൊണ്ടായിരുന്നു ആ ഇടപാട്. ചലച്ചിത്രതാരം മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള 'മോഹൻലാൽസ് ടേയ്സ്റ്റ് ബഡ്സി'നെ 2007-ൽ ഈസ്റ്റേൺ സ്വന്തമാക്കിയിട്ടുണ്ട്.കറിപൗഡർ രംഗത്തെ മറ്റൊരു പ്രമുഖ ബ്രാൻഡായ 'മേളം' 2015-ൽ മെഡിമിക്സ് ഉത്പന്നങ്ങളുടെ നിർമ്മാതാക്കളായ എ.വി.എ. ഗ്രൂപ്പിന്റെയും കൈകളിലായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ