- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിതിന് മരിച്ചിട്ടും കോളേജില്‍ നിന്നും ആരും ആ വീട്ടില്‍ എത്താത്തത് സംശയകരം; സഹപാഠികള്‍ പോലും വരാത്തത് ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലെ ഭീഷണി കൊണ്ടാകാം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി
നിതിന് മരിച്ചിട്ടും കോളേജില്‍ നിന്നും ആരും ആ വീട്ടില്‍ എത്താത്തത് സംശയകരം

തിരുവനന്തപുരം: പാങ്ങോട് സ്വദേശിയായ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ അകാല വിയോഗം വെറുമൊരു ആത്മഹത്യയായി തള്ളിക്കളയാനാവില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസം മന്ത്രി വി. ശിവന്‍കുട്ടി. മരണമടഞ്ഞ നിതിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ജാതി അധിക്ഷേപവും പീഡനങ്ങളുമാണ് നിതിനെ മരണത്തിലേക്ക് തള്ളിവീഴ്ത്തിയതെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
നിതിന്റെ പിതാവുമായി സംസാരിച്ചതില്‍ നിന്നും കോളേജില്‍ കുട്ടി അനുഭവിച്ചിരുന്ന ക്രൂരതകള്‍ വ്യക്തമായതായി മന്ത്രി പറഞ്ഞു. ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് തന്നെ കുട്ടിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഹോസ്റ്റലില്‍ തിരിച്ചെത്തിയ നിതിന് റൂം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതെല്ലാം കുട്ടിയെ മാനസികമായി തളര്‍ത്തിയിട്ടുണ്ടാകാം എന്ന് കരുതുന്നു. നീതിപൂര്‍വ്വമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ഏക ആവശ്യം.
സംശയമുനയില്‍ കോളേജ് അധികൃതര്‍; വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണി?
നിതിന്‍ മരിച്ചിട്ടും കോളേജില്‍ നിന്നും ആരും ആ വീട് സന്ദര്‍ശിക്കാന്‍ എത്തിയിട്ടില്ല എന്നത് വലിയ സംശയങ്ങള്‍ക്കിടയാക്കുന്നുണ്ട്. സഹപാഠികള്‍ പോലും വരാത്തത് ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ കോളേജ് അധികൃതര്‍ കുട്ടികളെ ഭീഷണിപ്പെടുത്തുന്നത് കൊണ്ടാകാം എന്ന് മന്ത്രി ആരോപിച്ചു. മരണത്തിന് ശേഷവും ഇത്തരം ഒരു സമീപനം സ്വീകരിക്കുന്നത് ഗൗരവകരമാണെന്നും ഇതില്‍ സ്‌പെഷ്യല്‍ ടീം അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
നിതിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകും. കുടുംബത്തിന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഒരു സാധാരണ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന മകനെ നഷ്ടപ്പെട്ട കുടുംബത്തിന് ആവശ്യമായ എല്ലാ സംരക്ഷണവും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


