തിരുവനന്തപുരം: ടൂറിസ്റ്റ് ബസ്സുകളുടെ നിറം മാറ്റേണ്ടെന്നും വെള്ളയായി തന്നെ തുടരാനും തീരുമാനം. ബസ്സുകള്‍ക്ക് പലനിറം വേണ്ടെന്ന് സംസ്ഥാന ഗതാഗതവകുപ്പ് ഉത്തരവിറക്കി. ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് പ്രത്യേക നിറം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം അടിക്കാനാണ് നിര്‍ദേശം. ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ സംബന്ധിച്ച ഉത്തരവ് ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ഇത് ഇരുചക്ര വാഹനങ്ങള്‍ക്ക് ബാധകമല്ല. ഡ്രൈവിങ് പരിശീലന വാഹനങ്ങള്‍ക്ക് ഇപ്പോള്‍ ഏകീകൃത നിറമില്ലാത്തതിനെ തുടര്‍ന്നാണ് പുതിയ മാറ്റം. ടൂറിസ്റ്റ് ബസ് ഓപ്പറേറ്റര്‍മാരുമായും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുമായും നടത്തിയ ചര്‍ച്ചയ്ക്കുശേഷം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ടൂറിസ്റ്റ് ബസ്സുകളുടെ ഗ്ലാസിലും ബോഡിയിലും സിനിമാ താരങ്ങളുടേത് ഉള്‍പ്പെടെയുള്ള ചിത്രങ്ങളും എഴുത്തുകളും പതിക്കുന്നത് അനുവദിക്കാനാകില്ലെന്ന് 2019 ഓക്ടോബര്‍ ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യംകൂടി പരിഗണിച്ചാണ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വെള്ളനിറം തുടരാന്‍ തീരുമാനിച്ചത്.