വണ്ടന്‍മേട്: പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ശ്രീധരനെതിരെ എല്‍.ഡി.എഫ്. അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. കട്ടപ്പന ബ്ലോക്ക് ഡിവലപ്മെന്റ് ഓഫീസര്‍ക്കാണ് നോട്ടീസ് നല്‍കിയത്.യു.ഡി.എഫ്.ബി.ജെ.പി. അംഗങ്ങളുടെ പിന്തുണയിലാണ് സ്വതന്ത്രാംഗമായ സുരേഷ് പഞ്ചായത്ത് പ്രസിഡന്റായത്.

ഫണ്ട് വിനിയോഗത്തിലെ വീഴ്ച മൂലം കോടികള്‍ നഷ്ടമായതായും പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് അഴിമതി നടത്തുകയാണെന്നും ആരോപിച്ചാണ് എല്‍.ഡി.എഫ്. അവിശ്വാസം കൊണ്ടുവന്നത്. വിവിധ വാര്‍ഡുകളിലെ റോഡ് നിര്‍മാണത്തിനായി വകയിരുത്തിയ രണ്ടുകോടി രൂപ വിനിയോഗിക്കാതെ പ്രസിഡന്റ് നഷ്ടപ്പെടുത്തി. തുടര്‍ന്ന് സ്പില്‍ഓവര്‍ പ്രോജക്ടായി നിലനിര്‍ത്തിയതിനാല്‍ നിലവിലുള്ള സാമ്പത്തികവര്‍ഷം ലഭിച്ച ഫണ്ടുകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായി വിനിയോഗിക്കാനും കഴിഞ്ഞിട്ടില്ലെന്ന് എല്‍.ഡി.എഫ്. ആരോപിക്കുന്നു.

ടേക് എ ബ്രേക്ക് പദ്ധതിയിലൂടെ പുറ്റടിയില്‍ നിര്‍മിച്ച ശൗചാലയം, നെറ്റിത്തൊഴു, ചേറ്റുകുഴി എന്നിവിടങ്ങളിലെ ഷോപ്പിങ് കോംപ്ലക്സുകള്‍ എന്നിവ ഇതുവരെ തുറന്നിട്ടില്ല. വീട് നിര്‍മാണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കെത്തുന്നവരില്‍ നിന്ന് ലക്ഷങ്ങളാണ് പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് കൈക്കൂലി വാങ്ങുന്നതെന്നും ആരോപണമുണ്ട്.മുന്‍ യു.ഡി.എഫ്. ഭരണസമിതിയുടെ കാലത്ത് പഞ്ചായത്തിലെ ഇറച്ചിക്കടകളുടെ ലേലത്തുക ഏഴ് ലക്ഷം രൂപ മാത്രമായിരുന്നു.

എല്‍.ഡി.എഫ്. അധികാരത്തിലെത്തിയശേഷം 27 ലക്ഷവും അടുത്തവര്‍ഷം 25 ലക്ഷവുമായി ഉയര്‍ത്തി.എന്നാല്‍, സുരേഷ് പ്രസിഡന്റായശേഷം അവരുടെ താത്പര്യക്കാര്‍ക്ക് തുകകുറച്ച് കടകള്‍ ലേലത്തില്‍ നല്‍കി. ലേലത്തുക പഞ്ചായത്തില്‍ അടപ്പിച്ചിട്ടുമില്ല. മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ജനകീയ ഹോട്ടലും നിര്‍ത്തി. കൃഷിഭവന്‍ വഴിയുള്ള വളങ്ങള്‍ വിതരണം ചെയ്തിട്ടില്ലെന്ന് എല്‍.ഡി.എഫ്. അംഗങ്ങള്‍ പറയുന്നു.