ചിറ്റാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്
വൈസ് പ്രസിഡന്റായത് കോണ്‍ഗ്രസ് വിമതന്റെ പിന്‍തുണയോടെ
- Share
- Tweet
- Telegram
- LinkedIniiiii
ചിറ്റാര്‍: പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.എമ്മിലെ രവി കല എബിയ്ക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെയാടെയാണ് രവി കല എബി വൈസ് പ്രസിഡന്റായിരുന്നത്. പ്രസിഡന്റാകാന്‍ വേണ്ടി കോണ്‍ഗ്രസില്‍ നിന്ന് സി.പി.എമ്മിനൊപ്പം ചേര്‍ന്ന സജി കുളത്തുങ്കലിനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യനാക്കിയിരുന്നു. ഇതിനെതിരേ സജി കോടതിയെ സമീപിച്ചെങ്കിലും കമ്മിഷന്റെ തീരുമാനം ശരി വച്ചു. ഇതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ സജിയുടെ വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചതോടെ പഞ്ചായത്ത് കമ്മറ്റിയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമായി. ഈ സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റിനെ നീക്കാന്‍ കോണ്‍ഗ്രസ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.
പ്രസിഡന്റിനെ അയോഗ്യനാക്കിയ 2023 ഏപ്രില്‍ നാലു മുതല്‍ 2024 ജൂണ്‍ 12 ാം വരെ പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്നത് വൈസ് പ്രസിഡന്റായിരുന്നു. ഈ കാലയളവില്‍ കഴിഞ്ഞ പദ്ധതി പ്രവര്‍ത്തനത്തില്‍ വന്‍ വീഴ്ച്ചയുണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികള്‍ ലാപ്സാക്കി. ഈ കാലയളവില്‍ പഞ്ചായത്തില്‍ വികസന മുരടിപ്പുമുണ്ടായി. സ്വജന പക്ഷപാതവും അഴിമതിയുമാണ് ആണ് പ്രധാനമായും വൈസ് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്.
രണ്ടാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ജോളി റെന്നി വിജയിച്ചതോടെ യുഡിഎഫ് ആറ്, എല്‍.ഡി.എഫ് അഞ്ച്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷി നില. 12 ന് രാവിലെ 11 ന് അവിശ്വാസ പ്രമേയം പഞ്ചായത്തില്‍ ചര്‍ച്ചക്കെടുക്കുമെന്ന് കാണിച്ച് റാന്നി ബിഡിഓ എല്ലാ അംഗങ്ങള്‍ക്കും രജിസ്റ്റര്‍ നോട്ടിസ് അയച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് വിമതന്റെ പിന്‍തുണയോടെ വൈസ് പ്രസിഡന്റായ രവികല എബി പ്രസിഡന്റ് സജി കുളത്തുങ്കല്‍ അയോഗ്യനായ അന്ന് തന്നെ രാജി വയ്ക്കേണ്ടതായിരുന്നുവെന്നും ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചതോടെ ഒരു നിമിഷം പോലും ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല എന്നും രാജി വച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ രവി കണ്ടത്തില്‍ ആവശ്യപ്പെട്ടു. എ. ബഷീര്‍, ജോര്‍ജ് കുട്ടി, സൂസമ്മ ദാസ്, റിനാ ബിനു, ജോളി റെന്നി എന്നിവരുടെ പിന്തുണയോടെയാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്