കാഞ്ഞങ്ങാട്/മംഗളൂരു: ദിവസങ്ങള്‍ക്ക് മുന്‍പ് മന്‍സൂര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. ശനിയാഴ്ച വൈകിട്ട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ഥിനി ഇപ്പോഴും വെന്റിലേറ്ററിലാണ്. കഴുത്തിനു താഴോട്ടു ശരീരം പ്രതികരിക്കുന്നുണ്ടെങ്കിലും കഴുത്തിനു മുകളിലേക്കുള്ള നാഡികള്‍ പ്രതികരിച്ചു തുടങ്ങിയിട്ടില്ല. സഹപാഠികള്‍ കഴിഞ്ഞദിവസം വിദ്യാര്‍ഥിനിയെ സന്ദര്‍ശിച്ചിരുന്നു. ഇന്നലെ അധ്യാപകരും കുട്ടിയെ കാണാനെത്തി. ശരീരം പൂര്‍ണമായി പ്രതികരിക്കാത്തതിനാല്‍ കുട്ടിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടില്ല.

മന്‍സൂര്‍ ആശുപത്രിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ചൈതന്യയാണ് ശനിയാഴ്ച രാത്രി 10.30 ഓടെ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. സംഭവം സഹപാഠികള്‍ കണ്ടതിനാലാണ് വിദ്യാര്‍ഥിനിയെ രക്ഷിക്കാനായത്. ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള തര്‍ക്കമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് മറ്റു വിദ്യാര്‍ഥികളുടെ ആരോപണം. മാനസികമായി വാര്‍ഡന്‍ പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. വാര്‍ഡനെ പുറത്താക്കണമെന്ന ആവശ്യവുമായി മന്‍സൂര്‍ ആശുപത്രിക്ക് മുന്‍പില്‍ വിദ്യാര്‍ഥികളുടെ കുത്തിയിരിപ്പ് സമരം തുടരുകയാണ്.

അമ്മയുടെ പരാതിയെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. മകളെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി എന്ന് ബന്ധുക്കള്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് കേസെടുത്തത്. വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി.15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. വനിതാ കമ്മീഷന്‍ അംഗം കുഞ്ഞായിഷ ഇന്ന് ഹോസ്റ്റലില്‍ എത്തി വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തു.

തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മാനേജ്‌മെന്റിനോട് പറഞ്ഞിരുന്നുവെങ്കിലും വാര്‍ഡനെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത് എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അച്ചടക്കനടപടി ഉണ്ടാകുമെന്ന ഭീഷണി മാനേജ്‌മെന്റില്‍നിന്ന് ഉണ്ടായതായും ഇവര്‍ ആരോപിക്കുന്നു.

ഭക്ഷണവും താമസവും ഉള്‍പ്പെടെ അടിസ്ഥാന ആവശ്യങ്ങളില്‍ വീഴ്ച ഉണ്ടായത് ചോദ്യം ചെയ്തതാണ് വിദ്യാര്‍ഥികളും വാര്‍ഡനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമായത് എന്നാണ് അറിയുന്നത്. ആശുപത്രി പരിസരത്ത് വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.