കാഞ്ഞങ്ങാട്: ഡിവൈഎസ്പിയെ പരസ്യമായി വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ. നഴ്‌സിങ് കോളജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമത്തെത്തുടര്‍ന്ന് നടത്തിയ പ്രകടനത്തില്‍ ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിനെ പരസ്യമായി വെല്ലുവിളിച്ചത്. ന്യായമായ വിദ്യാര്‍ഥി സമരത്തെയാണ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ അടിച്ചമര്‍ത്തിയത്. ആശുപത്രി ഗേറ്റിന് അപ്പുറം നിന്ന് ഇനിയും തല്ലുമെന്ന് അയാള്‍ പറയുന്നു.

നിനക്ക് ചങ്കൂറ്റമുണ്ടെങ്കില്‍ ഒളിച്ചിരിക്കാതെ പുറത്തേക്ക് വരാനും പ്രസംഗത്തില്‍ രജീഷ് പറഞ്ഞു. ഇവിടത്തെ തീവ്രവാദ ഗ്രൂപ്പുകളുടെ പണം പറ്റി, സമരത്തെ വഴി തിരിച്ചുവിടാനാണ് ഡിവൈഎസ്പി ശ്രമിക്കുന്നത്. തല്ലും ഇല്ലാതാക്കും എന്ന് വെല്ലുവിളിക്കുന്ന ഡിവൈഎസ്പിക്ക് ചങ്കൂറ്റമുണ്ടെങ്കില്‍ യൂണിഫോമും തൊപ്പിയും മാറ്റി കാഞ്ഞങ്ങാട്ടെ തെരുവിലിറങ്ങ്. ഇന്നലെ അടിയേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ ഒരാള്‍ മതി നിന്നെ നേരിടാന്‍. അതിന് മാത്രം വലിയ ഇരയല്ല നീയെന്ന് തിരിച്ചറിയണം' രജീഷ് പറഞ്ഞു.

മന്‍സൂര്‍ നഴ്‌സിങ് കോളജിലെ ആത്മഹത്യാശ്രമത്തില്‍ തിങ്കളാഴ്ച എസ്എഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, എബിവിപി, കെഎസ്യു എന്നീ സംഘടനകള്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയിരുന്നു. എല്ലാ പ്രകടനങ്ങള്‍ക്കു നേരെയും ശക്തമായ ലാത്തിച്ചാര്‍ജാണ് ഉണ്ടായത്.

കഴിഞ്ഞ ദിവസമാണ് നഴ്‌സിങ് കോളജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാര്‍ഡനുമായിട്ടുള്ള പ്രശ്‌നത്തിലാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് മറ്റ് കുട്ടികള്‍ പറഞ്ഞത്. വാര്‍ഡനെതിരെ ഗുരുതര ആരോപണങ്ങളാണ് കുട്ടികള്‍ ഉന്നയിച്ചത്. ഇവര്‍ക്കെതിരെ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്.