ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ ചെങ്ങന്നൂര്‍ പാണ്ടനാട് നടന്ന ഏഴാം മത്സരത്തില്‍ വില്ലേജ് ബോട്ട് ക്ലബ് (3:38:158 മിനിറ്റ്) തുഴഞ്ഞ വീയപുരം ചുണ്ടന്‍ ജേതാക്കളായി. സിബിഎല്ലിലെ കറുത്ത കുതിരകളായി മാറിയ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടന്‍ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി 0.253 മൈക്രോ സെക്കന്റുകള്‍ക്ക് മറികടന്നാണ് വീയപുരം ഫിനിഷ് ചെയ്തത്. നിരണം ചുണ്ടന്‍(നിരണം ബോട്ട് ക്ലബ്) രണ്ടാമതും(3:38:305 മിനിറ്റ്) പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്‍ (3:38:575 മിനിറ്റ്) മൂന്നാമതും ഫിനിഷ് ചെയ്തു.

ഓരോ മത്സരം കഴിയുമ്പോഴും നാടകീയതയും ജയപരാജയങ്ങള്‍ ഓരോ തുഴയ്ക്കും മാറി മറിയുകയും ചെയ്യുന്നതാണ് ഇക്കുറി സിബിഎല്ലില്‍ കാണാന്‍ കഴിയുന്നത്. ഹീറ്റ്‌സിലെ മികച്ച സമയത്തിന്റെ അടിസ്ഥാനത്തില്‍ ഫൈനലിലെത്തിയ നിരണം ചുണ്ടന്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ചിത്രത്തിലില്ലായിരുന്നു. തുടക്കം മുതല്‍ വീയപുരവും മേല്‍പ്പാടവും മുന്നിലും പിന്നിലുമായി കണ്ണുപൊത്തിക്കളിച്ചു. എന്നാല്‍ പകുതിയ്ക്ക് ശേഷം നിരണം ചാട്ടുളി പോലെ മുന്നേറി രണ്ട് പേരെയും മറികടന്ന് ലീഡ് നേടി. അവസാന പാദത്തിന് തൊട്ടുമുമ്പ് മൂന്ന് തുഴപ്പാടുകള്‍ക്കെങ്കിലും നിരണം മുന്നിലായിരുന്നു. പക്ഷെ അവസാന പത്ത് മീറ്ററില്‍ വീയപുരം നടത്തിയ ജീവന്‍ മരണ പോരാട്ടം ഫലം കണ്ടു. സെക്കന്റിന്റെ ആയിരത്തിലൊരംശത്തിലാണ് വീയപുരത്തിന് നിരണത്തെ മറികടക്കാനായത്.

നടുവിലെ പറമ്പന്‍ (ഇമ്മാനുവേല്‍ ബോട്ട് ക്ലബ്) നാല്, നടുഭാഗം ചുണ്ടന്‍(പുന്നമട ബോട്ട് ക്ലബ്)അഞ്ച്, കാരിച്ചാല്‍ (കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്-കെസിബിസി) ആറ്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്)ഏഴ്, പായിപ്പാടന്‍ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്) എട്ട്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്) ഒമ്പത് എന്നിങ്ങനെയാണ് പാണ്ടനാട്ടെ പോയിന്റ് നില. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബിനുകുമാര്‍ എം കെ വിജയികള്‍ക്ക് സമ്മാനങ്ങളും ട്രോഫിയും വിതരണം ചെയ്തു. ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടറും സിബിഎല്‍ നോഡല്‍ ഓഫീസറുമായ അഭിലാഷ് കുമാര്‍ ടി ജി, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. അന്‍സാര്‍ കെഎഎസ്, ടൂറിസം വകുപ്പ് ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഭാത് ഡി വി, സിബിഎല്‍ ടെക്‌നിക്കല്‍ കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.