റിയാദ്: റിയാദിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി (53) അന്തരിച്ചു. നാട്ടിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

പാലക്കാട് ഷൊർണൂർ സ്വദേശിയായ രാജു പാപ്പുള്ളി ദീർഘകാലമായി റിയാദിലെ അൽ മുംതാസ് പ്രിന്റിംഗ് പ്രസ്സിൽ ജീവനക്കാരനായിരുന്നു. പ്രമേഹ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. മൃതദേഹം വടക്കാഞ്ചേരിക്ക് അടുത്തുള്ള വരവൂർ പിലാക്കലിലെ ഭാര്യവീട്ടുവളപ്പിൽ സംസ്കരിച്ചു.

ഒ.ഐ.സി.സിയുടെ പ്രാരംഭ കാലം മുതൽ സജീവ പ്രവർത്തകനായിരുന്ന രാജു പാപ്പുള്ളി, റിയാദിലെ പ്രവാസി മലയാളികൾക്കിടയിൽ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചിരുന്നത്. അദ്ദേഹത്തിന്റെ വിയോഗം ഒ.ഐ.സി.സിക്കും കോൺഗ്രസ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്ന് റിയാദ് ഒ.ഐ.സി.സി പ്രസിഡന്റ് സലീം കളക്കരയും ജനറൽ സെക്രട്ടറി ഫൈസൽ ബാഹസനും അനുശോചന കുറിപ്പിൽ അറിയിച്ചു.