കൊല്ലം: കൊല്ലം ആര്യങ്കാവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ബസിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു. സേലം സ്വദേശി ധനപാലന്‍ ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. തമിഴ്‌നാട് സേലം സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.

ആര്യങ്കാവ് ചെക്‌പോസ്റ്റിന് സമീപം പുലര്‍ച്ചെ ആയിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്. 30ഓളം പേര്‍ ബസിലുണ്ടായിരുന്നു എന്നാണ് വിവരം. നിരവധി അയ്യപ്പഭക്തന്മാര്‍ക്ക് പരിക്കേറ്റു. ബസിലുണ്ടായിരുന്ന ആളാണ് മരിച്ചത്. മൃതദേഹം പുനലൂര്‍ ആശുപത്രിയിലാണുള്ളത്. പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ബുധനാഴ്ച പുലര്‍ച്ചെ 3.45-ഓടെയാണ് അപകടം. അയ്യപ്പദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം. കുട്ടികളും പ്രായമായവരുമടക്കം മുപ്പതോളം പേരാണ് ബസിലുണ്ടായിരുന്നത്. ബസിലേക്ക് ലോറിവന്നിടിക്കുകയായിരുന്നു. ലോറി ഡ്രൈവറുടെ ആശ്രദ്ധയാണ് അപകടകാരണമെന്നാണ് നിഗമനം. കൊല്ലം ആര്യങ്കാവ് പഴയ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം.

40 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.