കൊടുങ്ങല്ലൂർ: വളർത്തുമൃഗങ്ങളെച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് അയൽവാസിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. എടവിലങ്ങ് കാര സ്വദേശി നീലം കാവിൽ വീട്ടിൽ സെബാസ്റ്റ്യൻ (41) ആണ് കൊടുങ്ങല്ലൂർ പോലീസിൻ്റെ പിടിയിലായത്. ഇയാളുടെ കുത്തേറ്റ കാര സ്വദേശി തൊടാത്ര വീട്ടിൽ ജിബിൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ഓഗസ്റ്റ് 21-ന് വൈകിട്ട് ആറിനായിരുന്നു സംഭവം. ജിബിൻ്റെ വീട്ടിലെ വളർത്തുനായയുടെ മുന്നിലൂടെ സെബാസ്റ്റ്യൻ തൻ്റെ പൂച്ചയുമായി പോയതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. നായ പൂച്ചയ്ക്ക് നേരെ കുരച്ചുചാടിയതോടെ, പൂച്ചയെ ഇതുവഴി കൊണ്ടുവരരുതെന്ന് ജിബിൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ സെബാസ്റ്റ്യൻ കത്തിയെടുത്ത് ജിബിനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തലയിലുൾപ്പെടെ മൂന്നിടത്ത് തുന്നിക്കെട്ടുള്ള ജിബിൻ ആശുപത്രിയിൽ ചികിത്സ തേടി.

കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബി.കെ. അരുണിൻ്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ. സാലിം, കെ.ജി. സജിൽ, സിപിഒമാരായ വിഷ്ണു, ഗോപേഷ്, വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.