- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിസ്കറ്റ് കഴിച്ച് ആ കുഞ്ഞുമോൻ മരിച്ചെന്ന വാർത്ത നെയ്യാറ്റിൻകരക്കാർ അറിഞ്ഞത് ഏറെ ഞെട്ടലോടെ; പിന്നിലെ ദുരൂഹത തേടി പോലീസ്; മാതാപിതാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരുവയസ്സുകാരനായ കുട്ടിയുടെ മരണം സംബന്ധിച്ച ദുരൂഹത തുടരുന്നു. നെയ്യാറ്റിൻകര കവളാകുളം സ്വദേശികളായ ഷിജിന്‍റെയും കൃഷ്ണപ്രിയയുടെയും മകനായ ഇഹാൻ വെള്ളിയാഴ്ച രാത്രി കുഴഞ്ഞുവീഴുകയും പിന്നീട് ആശുപത്രിയിൽ മരിക്കുകയുമായിരുന്നു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചു.
വെള്ളിയാഴ്ച രാത്രി അച്ഛൻ വാങ്ങിക്കൊണ്ടുവന്ന ബിസ്കറ്റ് അമ്മ കുട്ടിക്ക് നൽകിയിരുന്നു. ഇത് കഴിച്ചതിന് പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു. വായിൽനിന്ന് നുരയും പതയും വരികയും ചുണ്ടിനും വായ്ക്കും നിറവ്യത്യാസം ഉണ്ടാവുകയും ചെയ്തതോടെ കുട്ടിയെ ഉടൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ശനിയാഴ്ച പുലർച്ചയോടെ ഇഹാൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബിസ്കറ്റ് കഴിച്ചതിനെ തുടർന്നാണ് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന ആരോപണം പൊലീസ് ഇതുവരെ ശരിവെച്ചിട്ടില്ല.
മരണകാരണത്തിൽ വ്യക്തത വരുത്തുന്നതിനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണ്ണായകമാണ്. കുഞ്ഞ് കഴിച്ച ഭക്ഷണങ്ങളുടെ സാമ്പിളുകൾ ഉൾപ്പെടെ ഫോറൻസിക് ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഷിജിനെ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും ചോദ്യം ചെയ്തിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ ദുരൂഹതകളൊന്നും കണ്ടെത്താനായില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.


