- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണ്‍ലൈന്‍തട്ടിപ്പ്; പതിനെണ്ണായിരത്തിലധികം വെബ്സൈറ്റുകള്‍ നിഷ്‌ക്രിയമാക്കി: ഒരുലക്ഷത്തോളം ഓണ്‍ലൈന്‍ തട്ടിപ്പുകളിലായി കവര്‍ന്നത് 800 കോടിയോളം രൂപ
ഓണ്‍ലൈന്‍തട്ടിപ്പ്; പതിനെണ്ണായിരത്തിലധികം വെബ്സൈറ്റുകള്‍ നിഷ്‌ക്രിയമാക്കി
തിരുവനന്തപുരം: ഓണ്‍ലൈന്‍തട്ടിപ്പിന് ഉപയോഗിച്ചിരുന്ന പതിനെണ്ണായിരത്തിലധികം വെബ്സൈറ്റുകള്‍ പത്തുമാസത്തിനിടെ നിഷ്‌ക്രിയമാക്കി സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം. 12,000 സാമൂഹികമാധ്യമ അക്കൗണ്ടുകളും നീക്കി. സംസ്ഥാനത്ത് ഒരുലക്ഷത്തോളം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഉണ്ടായെന്നാണ് കണക്ക്. 800 കോടിയോളം രൂപ നഷ്ടമായി. 32,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 3100 കേസുകളില്‍ ഒരുലക്ഷത്തിലധികം രൂപയാണ് തട്ടിപ്പുകാര്‍ കവര്‍ന്നത്.
പത്തുമാസത്തിനിടെ 1200-ല്‍ അധികം ട്രേഡിങ് ആപ്പ് തട്ടിപ്പുകളുമുണ്ടായി. 210 പേര്‍ക്ക് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് വഴിയും പണം നഷ്ടമായി. രണ്ടുകോടിയോളം രൂപവരെ ഒരാളില്‍നിന്നുതന്നെ നഷ്ടപ്പെട്ടപ്പെട്ട കേസുമുണ്ട്. ഡിജിറ്റല്‍ അറസ്റ്റിനെതിരേ ബോധവത്കരണം നടക്കുന്നതിനാല്‍ ഈ രീതിയില്‍ പണം നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ട്രേഡിങ് ആപ്പ് തട്ടിപ്പുകള്‍, കസ്റ്റമര്‍കെയര്‍ തട്ടിപ്പുകള്‍ എന്നിവ വ്യാപകമായി നടക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പണം നഷ്ടമാകുന്നവരില്‍ ചെറിയൊരു വിഭാഗം മാത്രമേ യഥാസമയം പോലീസുമായി ബന്ധപ്പെടുന്നുള്ളൂ. നിശ്ചിതസമയത്തിനുള്ളില്‍ പോലീസിനെ അറിയിച്ചാല്‍ തട്ടിയെടുക്കപ്പെട്ട പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് മാറ്റുന്നത് തടയാനും നടപടികള്‍ പൂര്‍ത്തിയാക്കി തിരികെ ലഭ്യമാക്കാനുമാകും.
പിടിയിലാകുന്നവരില്‍ പലരും തട്ടിപ്പുകാരുടെ ഇടനിലക്കാരുമാണ്. യാഥാര്‍ഥ തട്ടിപ്പുകാരില്‍ ഭൂരിഭാഗവും രാജ്യത്തിന് പുറത്തുള്ളവരായതിനാല്‍ അവരിലേക്ക് എത്തുന്നത് വിരളവുമാണ്.