മുംബൈ: മഹാരാഷ്ട്രയില്‍ മതപരിവര്‍ത്തനം ആരോപിച്ച് തന്നെയും കുടുംബത്തെയും അറസ്റ്റ് ചെയ്തതിന് പിന്നില്‍ വര്‍ഗ്ഗീയ ശക്തികളാണെന്ന് സിഎസ്‌ഐ സഭ നാഗ്പുര്‍ മിഷനിലെ വൈദികന്‍ സുധീര്‍. ബുധനാഴ്ച കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് വീട്ടിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തനിക്ക് നേരെ വധഭീഷണികള്‍ നിലനില്‍ക്കുന്നുണ്ടെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് ക്രൈസ്തവര്‍ക്കെതിരെ ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെന്നും സുധീര്‍ ആരോപിച്ചു.

ചൊവ്വാഴ്ച വൈകിട്ട് നാഗ്പുര്‍ ഷിംഗോഡിയില്‍ ക്രിസ്മസ് പ്രാര്‍ത്ഥനാ യോഗത്തിനിടെയാണ് വൈദികനും ഭാര്യ ജാസ്മിനും ഉള്‍പ്പെടെ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാല്‍, സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ ക്രിസ്മസ് സന്ദേശം പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും മതപരിവര്‍ത്തനം എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വൈദികന്‍ വ്യക്തമാക്കി.

വൈദികനും കുടുംബത്തിനും മറ്റ് ഒമ്പത് പേര്‍ക്കും വറൂട് കോടതിയാണ് ജാമ്യം അനുവദിച്ചത്. എല്ലാ മാസവും തിങ്കളാഴ്ചകളില്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. കേസിലെ വിചാരണ ജനുവരി 13-ന് നടക്കും. ക്രൈസ്തവര്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വ്യാപകമായ ആക്രമണങ്ങളുടെ ഭാഗമാണ് ഈ സംഭവമെന്ന് വിലയിരുത്തപ്പെടുന്നു. ഇതിനെതിരെ വിവിധ ക്രൈസ്തവ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.