- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചട്ടങ്ങൾ പാലിക്കാതെ ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം; ചുറ്റ് മതിൽ പോലുമില്ലെന്ന് സമീപവാസികൾ; ലോഡുമായി ഹെവി വാഹനങ്ങൾ സർവീസ് നടത്തുന്നതിനാൽ റോഡും ദുഷ്കരമായി; പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം
കോട്ടയം: മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിട്ടുള്ള ചട്ടങ്ങൾ പാലിക്കാതെ ക്രഷർ യൂണിറ്റ് പ്രവർത്തിക്കുന്നതായി പരാതി. കോട്ടയം ആയർകുന്നത്ത് പ്രവർത്തിക്കുന്ന സ്വകാര്യ മെറ്റൽ ക്രഷർ യൂണിറ്റിനെതിരെയാണ് പരാതിയുമായി സമീപവാസികൾ രംഗത്തെത്തിയിരിക്കുന്നത്. 4 കുടുംബങ്ങളാണ് ക്രഷർ യൂണിറ്റിന് സമീപത്തായി താമസിക്കുന്നത്. ചുറ്റ് മതിൽ പോലും ഇല്ലാതെ പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റ് സമീപവാസികളായ ജനങ്ങൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായാണ് ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നത്.
മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശപ്രകാരം ക്രഷറിന്റെ 150 മീറ്റർ ചുറ്റളവിൽ വീടുക പാടില്ലെന്നാണ് നിയമം. എന്നാൽ 100 മീറ്റർ ചുറ്റളവിൽ 3 വീടുകളും, 150 മീറ്റർ ചുറ്റളവിൽ ഒരു വീടുമുണ്ട്. വില്ലേജ് ഓഫീസിൽ നിന്നും അനുമതിയില്ലാതെയാണ് ക്രഷർ യൂണിറ്റ് പ്രവർത്തിക്കുന്നതെന്നും പരാതിയിൽ പറയുന്നു. ചുറ്റുമുള്ള വീടുകളിൽ നിന്നും വ്യാജമായ ദൂരം കാണിച്ചാണ് സൈറ്റ് പ്ലാൻ മലിനീകരണ നിയന്ത്രണ ബോർഡിൽ സമർപ്പിക്കുന്നത്. ക്രഷർ യൂണിറ്റ് ആരംഭിക്കുമ്പോൾ വില്ലേജ് ഓഫീസിൽ നിന്നും സൈറ്റ് പ്ലാൻ നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
ചുറ്റുമതിൽ ഇല്ലാത്തതിനാൽ ക്രഷർ യൂണിറ്റിൽ നിന്നുള്ള പൊടി സമീപവാസികൾക്ക് ശ്വാസകോശ സംബദ്ധമായ അസുഖങ്ങൾ ബാധിക്കുന്നതിന് കാരണമാകുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. കാറ്റുള്ള ദിവസങ്ങളിൽ പൊടി 1 കിലോമീറ്റർ വരെ വ്യാപിക്കുന്നതായും നാട്ടുകാർ പറയുന്നു. പൊടി തടയുന്നതിനായി ഒരു സംവിധാനവും ഇവിടെ സജ്ജമാക്കിയിട്ടുമില്ല. ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം നിയമാനുസൃതമല്ലെന്ന് കാട്ടി അധികാരികൾക്ക് പരാതി നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന ആരോപണവുമുണ്ട്. ക്രഷറിൽ നിന്നുള്ള ശബ്ദവും സമീപവാസികൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെ അടുത്തിടെ ഒരു പുതിയ സംഭരണ ടാങ്ക് നിർമ്മിച്ചതായും പരാതിയിൽ പറയുന്നു. ക്രഷർ യൂണിറ്റിലേക്ക് ഹെവി വാഹനങ്ങൾ ലോഡുമായി സർവീസ് നടത്തുന്നതിനാൽ റോഡും ദുഷ്‌കരമായ അവസ്ഥയിലായെന്നാണ് നാട്ടുകാരുടെ ആരോപണം. മലിനീകരണ നിയന്ത്രണ ബോർഡ് നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങൾ അനുസരിച്ച് വ്യവസായങ്ങൾ, പ്രത്യേകിച്ച് ഖനന പ്രവർത്തനങ്ങൾ, വായു, ജല മലിനീകരണ നിയന്ത്രണം, മാലിന്യ സംസ്കരണം, ആവാസവ്യവസ്ഥ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ മെറ്റൽ ക്രഷർ യൂണിറ്റ് പരാജയപ്പെട്ടതായാണ് സമീപവാസികൾ ആരോപിക്കുന്നത്.