കണ്ണര്‍ : ചലച്ചിത്ര രംഗത്തെ താരസംഘടനയായ അമ്മയെ വലിച്ചെറിയണമെന്ന് പി കെ ശ്രീമതി ടീച്ചര്‍ അഭിപ്രായപ്പെട്ടു.കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പി.കെ ശ്രീമതി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തടസപ്പെടുത്താന്‍ പോയവര്‍ പോലും സ്വാഗതം ചെയ്യുകയാണ്. റിപ്പോര്‍ട്ട് സിനിമ മേഖലയുടെ ശുദ്ധീകരണത്തിന് വഴിവെക്കണം. സിനിമാ മേഖലയിലെ സംഘടനയായ അമ്മ ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ മറുപടി പറയണം. അമ്മയില്‍ പെണ്‍മക്കളില്ല. സ്ത്രീകള്‍ വേണ്ടെന്നാണ് അവരുടെ നിലപാട്. പ്രാതിനിധ്യം നല്‍കാത്ത അമ്മയെ വലിച്ചെറിയുകയാണ് വേണ്ടത്.

കൂടുതല്‍ ചൂഷണം നേരിടേണ്ടി വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ പൂര്‍ണമായും മൊഴി കൊടുത്തില്ല. ഇത് അത്ഭുതപ്പെടുത്തുന്നതാണ്. മേഖലയില്‍ പുരുഷന്‍മാര്‍ക്ക് ബഹുമാനവും സ്ത്രീകള്‍ അവഗണനയും നേരിടുന്നു. സ്ത്രീകളോടുള്ള അടിമ മനോഭാവം വച്ചുപുലര്‍ത്തുകയാണ്. വിദ്യാസമ്പന്നമായ കേരളത്തില്‍ പോലും സ്ത്രീകള്‍ അസമത്വം നേരിടുകയാണ്. ഇത് വേതനത്തിന്റെ കാര്യത്തില്‍ പോലും ഉണ്ടാവുകയാണെന്നും പി.കെ ശ്രീമതി ചൂണ്ടിക്കാട്ടി.