തിരുവനന്തപുരം: വെല്ലുവിളിച്ച് എസ്എഫ്‌ഐ നേതാവ് ആര്‍ഷോ. തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ വിചാരിച്ചാല്‍ ചലിക്കില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ പറഞ്ഞു. ഹാലിളകിയാല്‍ നിലയ്ക്ക് നിര്‍ത്താന്‍ എസ്എഫ്ഐക്ക് അറിയാം. അതിന് കേരളത്തിലെ മുഴുവന്‍ എസ്എഫ്ഐ ഒന്നും വേണ്ട. തിരുവനന്തപുരം നഗരത്തിലെ എസ്എഫ്ഐ മാത്രം മതിയെന്ന് ആര്‍ഷോ വെല്ലുവിളിച്ചു.

കേരള സര്‍വകലാശാല ആസ്ഥാനത്ത് ഇന്നും നടന്ന പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു പി.എം ആര്‍ഷോ.പുതിയ വിദ്യാര്‍ത്ഥി യൂണിയനെ സത്യപ്രതിഞ്ജ ചെയ്യാന്‍ വി.സി അനുവദിക്കാത്തതിലും ഇന്നലെത്തെ പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് എസ്എഫ്ഐ പ്രതിഷേധം നടത്തിയത്. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.സമാധാനപരമായും മാതൃകാപരമായും അനിശ്ചിതകാല സമരം മുന്നോട്ടു കൊണ്ടു പോകണം എന്നാണ് എസ്എഫ്ഐ ആഗ്രഹിച്ചതെന്ന് ആര്‍ഷോ പറഞ്ഞു.

മോഹനന്‍ കുന്നുമ്മല്‍ എന്ന ആര്‍എസ്എസുകാരന് എസ്എഫ്ഐയെ കണ്ടാല്‍ ഹാലിളകും. അതുകൊണ്ടാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട യൂണിയനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത്. ഹാലിളകിയാല്‍ നിലക്ക് നിര്‍ത്താന്‍ എസ്എഫ്ഐക്ക് അറിയാം. തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ വിചാരിച്ചാല്‍ ചലിക്കില്ല. അതിന് കേരളത്തിലെ മുഴുവന്‍ എസ്എഫ്ഐ ഒന്നും വേണ്ട. തിരുവനന്തപുരം നഗരത്തിലെ എസ്എഫ്ഐ മാത്രം മതി. പൊലീസ് അത് മനസിലാക്കിക്കോ. ആര്‍ഷോ വെല്ലുവിളിച്ചു.

''ഡിസിപി ഒരുത്തന്‍ ഇന്നലെ എസ്എഫ്‌ഐയുടെ നെഞ്ചത്ത് കയറി. കര്‍ണാടകയില്‍ നിങ്ങള്‍ കണ്ട നാലും മൂന്നും ഏഴ് എബിവിപിക്കാരല്ല കേരളത്തെ എസ്.എഫ്.ഐ. ഡിസിപി അനങ്ങണ്ടാ എന്ന് ഞങ്ങള്‍ തീരുമാനിച്ചാല്‍ അനങ്ങില്ല. സര്‍വകലാശാലയുടെ പടിവാതില്‍ക്കല്‍ ഞങ്ങള്‍ സമരം പുനരാരംഭിക്കും.''കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. മോഹന്‍ കുന്നുമ്മലിനെതിരെ കടുത്ത അധിക്ഷേപമാണ് ആര്‍ഷോ നടത്തിയത്. ''തൃശൂരിലെ വീട് വിട്ട് പുറത്തിറങ്ങാന്‍ അനുവദിക്കില്ല.കുന്നുമ്മല്‍ മോഹനാ നിനക്ക് നിന്റെ വീട് വിട്ട് പുറത്തിറങ്ങാന്‍ കഴിയില്ല. ''എന്നായിരുന്നു ആര്‍ഷോയുടെ ഭീഷണി.