പാലക്കാട്: വോട്ടെണ്ണല്‍ പുരോഗമിക്കവേ പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലെത്തിയതോടെ യുഡിഎഫ് ക്യാമ്പില്‍ ആഘോഷം. ട്രോളി ബാഗുമായാണ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നത്. ബാഗ് തലയിലേറ്റിയും വലിച്ചും പ്രവര്‍ത്തകര്‍ റോഡിലിറങ്ങി. നിലവില്‍ രാഹുല്‍ പിന്നിലാണെങ്കിലും പഞ്ചായത്തുകളില്‍ എണ്ണുമ്പോള്‍ അത് ഉയര്‍ത്തുമെന്ന് ഉറപ്പാണ്.

കോണ്‍ഗ്രസ് നേതാക്കളും സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ രാഹുലിന്റെ വിജയം ഉറപ്പിച്ച് പ്രതികരിക്കാന്‍ തുടങ്ങി. വിടി ബല്‍റാം രാഹുല്‍ മാങ്കൂട്ടത്തിലിന് ആശംസ നേര്‍ന്നു. ഫേസ്ബുക്കിലെഴുതിയ പോസ്റ്റില്‍ രാഹുലും ഷാഫി പറമ്പില്‍ എംപിയുമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്.

പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബാഗില്‍ പണം കടത്തിയെന്ന ആരോപണത്തില്‍ റെയ്ഡ് നടന്നത് വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലുള്‍പ്പെടെ അര്‍ധരാത്രിയില്‍ നടത്തിയ റെയ്ഡില്‍ ഒന്നും കണ്ടെത്താനായിരുന്നില്ല. പിന്നീട് നീല ട്രോളി ബാഗുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട രാഹുല്‍ തന്റെ വസ്ത്രങ്ങളാണ് ബാഗിലുണ്ടായിരുന്നതെന്ന് വ്യക്തമാക്കിയിരുന്നു.

പോസ്റ്റല്‍ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയിലും മുന്നിലായിരുന്ന ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പിന്നിലായി. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോള്‍ ബിജെപി മുന്നിലായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ നഗരസഭയില്‍ ഇത്തവണ ബിജെപിക്ക് വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിലേക്കാണ് ബിജെപി വോട്ടുകള്‍ ചോര്‍ന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതിനേക്കാള്‍ 430 വോട്ട് കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് 111 വോട്ടും വര്‍ധിച്ചു.