തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നതിനിടെ രാഷ്ട്രീയ ചായ്‌വ് പരസ്യമാക്കി ഫെയ്‌സ്ബുക്കിൽ കമന്റിട്ട പോലീസുകാരന് സസ്‌പെൻഷൻ. വാമനപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ഡി.കെ. മുരളിക്ക് അനുകൂലമായി സോഷ്യൽ മീഡിയയിൽ കമന്റിട്ട പാങ്ങോട് സ്റ്റേഷനിലെ സിപിഒ വൈശാഖൻ സതീശനെതിരെയാണ് നടപടി.

തിരുവനന്തപുരം റൂറൽ പോലീസ് മേധാവിയുടേതാണ് ഉത്തരവ്.വാമനപുരം ഇത്തവണ ആർക്കൊപ്പം എന്ന തലക്കെട്ടിൽ ഒരു മാധ്യമം പങ്കുവെച്ച പോസ്റ്റിന് താഴെയായിരുന്നു വൈശാഖന്റെ കമന്റ്. 'വാമനപുരത്ത് ഡി.കെ. മുരളി ജയിക്കും' എന്നായിരുന്നു കുറിപ്പ്.

സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും പോലീസിന്റെ നിഷ്പക്ഷതയ്ക്ക് കളങ്കമുണ്ടാക്കിയെന്നും സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. സംസ്ഥാനത്ത് ഏപ്രിൽ ഒൻപതിനാണ് വോട്ടെടുപ്പ്. മെയ് നാലിന് ഫലമറിയാം. കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നിവിടങ്ങളിലും അന്നേദിവസമാണ് വോട്ടെടുപ്പ് നടക്കുന്നത്.