പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് വിശ്വാസസംഗമം സംഘടിപ്പിക്കാനൊരുക്കമെന്ന് സൂചന. ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും ചേര്‍ന്നാണ് വിശ്വാസസംഗമം. സെപ്റ്റംബര്‍ 22 നാണ് വിശ്വാസസംഗമം. സെപ്റ്റംബര്‍ 20നാണ് ആഗോള അയ്യപ്പസംഗമം നടക്കുന്നത്. ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കുമ്മനം രാജേശഖരന്റെ നേതൃത്വത്തിലാകും സംഗമം.

ഇതാണ് യഥാര്‍ഥ ഭക്തരുടെ സംഗമം എന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശബരിമല കര്‍മ്മസമിതിയും ഹിന്ദുഐക്യവേദിയുമാണ് സംഗമത്തിന് മുന്‍കയ്യെടുത്തിട്ടുള്ളത്. പന്തളം കൊട്ടാരത്തെയും കൂടി പരിപാടിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കമെന്നാണ് വിവരം. കുമ്മനം രാജശേഖരന്‍ വ്യാഴാഴ്ച കൊട്ടാരം സന്ദര്‍ശിക്കും. വിപുലമായ രീതിയില്‍ വിശ്വസസംഗമം സംഘടിപ്പിക്കാനാണ് പദ്ധതി. കൊട്ടാരവുമായി ചര്‍ച്ച ചെയ്ത ശേഷം ബാക്കി കാര്യങ്ങളില്‍ തീരുമാനം എടുക്കും.

എന്‍എസ്എസ് അടക്കം വിശ്വാസികളെ മുഴുവന്‍ ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. പ്രമുഖരെ ക്ഷണിക്കാനും പദ്ധതിയുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിക്കാനാണ് നീക്കം.