പാറശ്ശാല: കോച്ച് മാറിക്കയറുന്നതിനായി ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങിയ യാത്രക്കാരൻ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍പ്പെട്ടു.തിരുനെല്‍വേലി സ്വദേശി ഏണസ്റ്റ് (57) ആണ് വൻ അപകടത്തിൽപ്പെട്ടത്. എന്നാൽ റെയിൽവെ പോലീസ് നടത്തിയ ഇടപെടൽ യാത്രക്കാരനെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയോടെ പാറശ്ശാല റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.

നാഗര്‍കോവിലില്‍ നിന്നാണ് ഏണസ്റ്റ് കന്യാകുമാരി-ദിബ്രുഗഢ് എക്‌സ്പ്രസിൽ കയറിയത്. എന്നാൽ ഇയാൾ കോച്ച് മാറിയാണ് ട്രെയിനിൽ കയറിയത്. ജനറല്‍ ടിക്കറ്റ് എടുത്ത ഇദ്ദേഹം അബദ്ധത്തിൽ ബോഗി മാറി സ്ലീപ്പര്‍ കോച്ചിലായിരുന്നു കയറിയത്.

ട്രെയിൻ പ്ലാറ്റ്‌ഫോമില്‍നിന്ന് നീങ്ങിയശേഷമാണ് അബദ്ധം പറ്റിയ കാര്യം ഇയാൾക്ക് മനസ്സിലായത്. തുടര്‍ന്ന് പാറശ്ശാല റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിൻ വേഗത കുറച്ചപ്പോള്‍ കോച്ച് മാറാനായി ഏണസ്‌റ് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങുകയായിരുന്നു. എന്നാൽ, കാല്‍വഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നു.

യാത്രക്കാരന്‍ വീണതുകണ്ട റെയില്‍വേ പൊലീസുകാര്‍ സ്‍ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. അരയ്ക്കുതാ​ഴ്ഭാഗം ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഏണസ്റ്റ്. തുടർന്ന് കാൽ പ്ലാറ്റ്‌ഫോമിനോട് ചേർത്ത് കമിഴ്ന്നുകിടക്കുവാന്‍ അതികൃതർ നിര്‍ദേശം നല്‍കി. തീവണ്ടി പ്ലാറ്റ്‌ഫോമില്‍നിന്ന് മാറിയ ശേഷമാണ് ഏണസ്റ്റിനെ പുറത്തെടുത്തത്. നിസ്സാര പരിക്കുകളോടെ ഏണസ്റ്റ് രക്ഷപ്പെടുകയായിരുന്നു.