- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.സി.ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം; പൊലീസ് റിപ്പോര്‍ട്ട് തേടി തൊടുപുഴ കോടതി
ഇടുക്കി : മുന്‍ എം.എല്‍.എ പി.സി.ജോര്‍ജിന്റെ തൊടുപുഴയിലെ വര്‍ഗീയ പ്രസംഗത്തില്‍ പൊലീസിനോട്
റിപ്പോര്‍ട്ട് തേടി കോടതി. തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തില്‍ ആര്‍.എസ്.എസ് സഹയാത്രികനായ അജികൃഷ്ണന്‍ സെക്രട്ടറിയായ എച്ച്.ആര്‍.ഡി.എസ് ഇന്ത്യ തൊടുപുഴയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലീംങ്ങള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുകയും കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. പി.സി.ജോര്‍ജിനെയും അജി കൃഷ്ണനെയും പ്രതിയാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ടി.അനീഷാണ് കോടതിയെ സമീപിച്ചത്.
കടുത്ത വിദ്വേഷ പ്രസംഗം നടത്തിയ ജോര്‍ജിനെതിരെ തൊടുപുഴ പൊലീസ് എന്ത് നടപടി സ്വീകരിച്ചുവെന്ന് പൊലീസ് കോടതിയെ അറിയിക്കണം. കേസ് അടുത്ത ബുധനാഴ്ച കോടതി പരിഗണിയ്ക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണം. ഹൈക്കോടതി അഭിഭാഷകരായ അനീഷ് അബ്രഹാം,പോള്‍ മാങ്കുഴ, അഗസ്റ്റ് മാങ്കുഴ എന്നിവരാണ് ഹര്‍ജിക്കാരന് വേണ്ടി ഹാജരായത്. അതേസമയം നിരന്തരം വിദ്വേഷ പ്രസംഗം നടത്തുന്ന ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
2022ല്‍ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. 'മുസ്ലീം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് ചിന്തിക്കുന്ന തലമുറയെ മുസ്ലീം സമുദായം വളര്‍ത്തുന്നു. ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരാളും ഈ മണ്ണില്‍ ജീവിക്കരുത്. ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് നടക്കുമ്പോള്‍ പാക്കിസ്ഥാന്‍ വിക്കറ്റ് പോകുമ്പോള്‍ അള്ളാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിനെതിരെ പിണറായി വിജയന്‍ കേസെടുത്താലും പ്രശ്നമില്ല കോടതിയില്‍ തീര്‍ത്തോളമെന്നായിരുന്നു പി.സി.ജോര്‍ജിന്റെ വെല്ലുവിളി. വേദിയ്ക്ക് പുറത്തെത്തിയ ജോര്‍ജ് മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെതിരെയും വര്‍ഗീയ പ്രസ്താവന നടത്തി.
ജവഹര്‍ലാല്‍ നെഹൃവിന്റെ അപ്പന്‍ മോത്തിലാല്‍ നെഹ്റു മുസ്ലീമായിരുന്നു . ജവഹര്‍ ലാല്‍ നെഹ്റു അടച്ചിട്ട മുറിയില്‍ അഞ്ചുനേരം നിസ്‌ക്കരിക്കുമായിരുന്നു . അയാളാണ് ഇന്ത്യയെ നശിപ്പിച്ചത് . ഇന്ത്യയെന്ന പേര് ഉപയോഗിക്കരുത് . ഭാരതം എന്നതാണ് ശരി - ഇങ്ങനെയായിരുന്നു ജോര്‍ജിന്റെ തൊടുപുഴയിലെ വിവാദ പ്രസംഗം.